Saturday, 27 July - 2024

പാമ്പ് കടിച്ചത് അറിഞ്ഞില്ല; എം.ബി.ബി.എസ് ബിരുദദാന ചടങ്ങിന് പിന്നാലെ മലയാളി യുവ ഡോക്ടർക്ക് ദാരുണാന്ത്യം

തീർത്തും അപ്രതീക്ഷിതമായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തുംകുരു പോലീസ് പ്രതികരിച്ചു

ബംഗളുരൂ: ആ സന്തോഷത്തിന് അധികനേരം ആയുസുണ്ടായില്ല. കുടുംബസമേതം എം.ബി.ബി.എസ് ബിരുദദാന ചടങ്ങിന് സാക്ഷിയായതിന് പിന്നാലെ മലയാളി യുവ ഡോക്ടർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ ആദിത്ത് ബാലകൃഷ്ണൻ എന്ന 21കാരനാണ് പാമ്പുകടിയേറ്റ് മരിച്ചത്.

കർണാടകയിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാർഥ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന ആദിത്ത് ബാലകൃഷ്ണൻ എം.ബി.ബി.എസ് ബിരുദദാന ചടങ്ങിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി കുടുംബസമേതം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കാർ പാർക്ക് ചെയ്ത സ്ഥലത്തുവച്ചാണ് അദിത്തിന് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കുന്നത്.

എന്നാൽ, പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ യുവാവ് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം താമസസ്ഥലത്തേക്ക് പോവുകയായിയിരുന്നു. താമസ സ്ഥലത്ത് എത്തിയ ശേഷം ബാത്ത് റൂമിൽ കയറിയ യുവാവ് വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകായിരുന്നു.

ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിൽ വച്ചാണ് യുവ ഡോക്ടർക്ക് കാലിന് പാമ്പുകടിയേറ്റ അടയാളം മറ്റു ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് വിഷം കയറി യുവാവ് ദാരുണമായി മരിക്കുകയായിരുന്നു. രക്ത സാമ്പിളുകളിൽ ഉയർന്ന അളവിൽ വിഷം കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. മൃതദേഹം തൃശൂരിലെത്തിക്കും. ഇറ്റലിയിലുള്ള അച്ഛൻ എത്തിയശേഷം അന്ത്യകർമങ്ങൾ നടക്കുമെന്നാണ് വിവരം. തീർത്തും അപ്രതീക്ഷിതമായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തുംകുരു പോലീസ് പ്രതികരിച്ചു.

Most Popular

error: