മസ്കറ്റ്: വിമാനത്തില്‍ പുകവലിച്ച യുവാവിനെ പിടികൂടി. ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന 27കാരനെയാണ് സഹര്‍ പൊലീസ് പിടികൂടിയത്. മസ്കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്.
വിമാനത്തിന്റെ ടോയ്ലറ്റിലാണ് ഇയാള്‍ പുകവലിച്ചത്. ടോയ്ലറ്റില് നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്സിജന്‍ കിറ്റ് എന്നിവ പിടികൂടി.
ഐപിസി 336 വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. മറ്റുള്ളവരുടെ ജീവന് അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നതാണ് കുറ്റം. ഈ വര്‍ഷം ഇതുവരെ പുകവലി സംബന്ധമായ 13 കേസുകളാണെടുത്തത്. ഈ വര്‍ഷം ജൂലൈയില്‍ ജിദ്ദ-മുംബൈ വിമാനത്തില്‍ പുകവലിച്ച ഒരാളെ പിടികൂടിയിരുന്നു. വിമാനത്തിൽ പുകവലിക്കുന്നത് സഹയാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്നതിനാലും വിമാനത്തിന് തീപിടിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ടുമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.