മദീന: പ്രവാചക പള്ളിയുടെ പരിചരണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആഗാ അബ്ദു അലി അന്തരിച്ചു. മസ്ജദുന്നബവിയിലെ ആഗകളുടെ കാരണവരായിരുന്നു. ഇന്നലെ വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിയിൽ വെച്ച് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് ജന്നത്തുൽബഖീഅ് ഖബർസ്ഥാനിൽ ഖബറടക്കി. മദീനയിൽ മസ്ജിദുബവിയുടെ പരിചരണ ചുമതലക്ക് ജീവിതം ഉഴിഞ്ഞുവെച്ച, അവശേഷിക്കുന്ന മൂന്നു ആഗകളിൽ ഒരാളായിരുന്നു ആഗാ അബ്ദു അലി. ഇനി രണ്ടു ആഗമാർ കൂടിയാണ് മദീനയിലുള്ളത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജീവിതം മുഴുവൻ ദൈവീക മാർഗത്തിൽ സമർപ്പിച്ച, കുറ്റിയറ്റുപോയി കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ അവസാന കണ്ണികളിൽ ഒരാളായിരുന്നു ആഗാ അബ്ദു അലി. മസ്ജിദുബവിയിൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തിരുശരീരം അടക്കം ചെയ്ത മുറിയുടെയും റൗദ ശരീഫിന്റെയും പരിചരണ ചുമതല വഹിച്ചിരുന്ന ആഗാ അബ്ദു അലി മൂന്നു വർഷം മുമ്പ് ആഗാ അഹ്മദ് അലി യാസീന്റെ വിയോഗത്തോടെയാണ് പ്രവാചക മസ്ജിദിൽ ആഗകളുടെ കാരണവരായി ചുമതലയേറ്റത്.
മക്കയിൽ എട്ടു ആഗകളാണുള്ളത്. അലി ഹുസൈൻ ആഗ, സിറാജ് കമാൽ ആഗ, ഇദ്‌രീസ് അബ്ദുല്ല ആഗ, അബ്ദുല്ല അഹ്മദ് മൂസ ആഗ, ഹസൻ ശുകൂറു ആഗ, അഹ്മദ് മുസ്തഫ ആഗ, ഹസൻ മുഹമ്മദ് ആഗ, അലി മുഹമ്മദ് ആഗ എന്നിവരാണിവർ. ഇക്കൂട്ടത്തിൽ പെട്ട അലി ഹുസൈൻ ആഗയാണ് മക്കയിൽ ആഗകളുടെ കാരണവർ. മക്കയിലും മദീനയിലും ശേഷിക്കുന്ന ആഗകൾ ഏറെ പ്രായം ചെന്നവരാണ്. കൂട്ടത്തിൽ പെട്ട നിരവധി പേർ മൺമറഞ്ഞുപോയിരിക്കുന്നു. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ഹറമിന്റെയും പ്രവാചക പള്ളിയുടെയും പരിചരണത്തിൽ പകരം വെക്കാനില്ലാത്തവരാണ് ആഗകൾ.
ആരാണ് ആഗഗൾ, ആഗകളുടെ ആഗമനം
അയ്യൂബികളുടെ കാലഘട്ടത്തിലാണ് ആഗകൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഭൂരിഭാഗവും അബിസീനിയയിൽ നിന്നുള്ളവരായിരുന്നു. ബഹുമാനപ്പെട്ട പ്രവാചകന്റെ തിരു റൗദയുടെ കാവൽക്കാരും അതിന്റെ സ്വകാര്യ കാര്യങ്ങളുടെ മേൽനോട്ടവും ആഗകളിൽ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
പന്ത്രണ്ട് ആഗകളാണ് ഉണ്ടായിരുന്നത്. അവരുടെ പ്രവർത്തനങ്ങളിൽ “ആഗകളുടെ ശൈഖ്” ഉൾപ്പെടുന്നു. ഏറ്റവും വലിയ സേവനവും ഏറ്റവും ഉയർന്ന ജോലിയും ഇദ്ദേഹത്തിനാണ്. കൂടാതെ പ്രവാചകന്റെ പള്ളിയിലെ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിനും ഉത്തരവാദിത്വമുണ്ട്. മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പായി സുഗന്ധം പൂശൽ, ബഹുമാനപ്പെട്ട പ്രവാചകന്റെ വിശുദ്ധ മുറിയിൽ കയറുക സുഗന്ധം പുകക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി.
ഇവർക്ക് സൈനിക റാങ്കുകൾ പോലെ റാങ്കുകൾ ഉണ്ടായിരുന്നു. അവരുടെ വാക്കുകൾ അന്തിമമായിരുന്നു. ബഹുമാനപ്പെട്ട പ്രവാചകന്റെ അറയുടെ താക്കോൽ കൈവശമുള്ളയാൾ മറ്റു കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു. കാവൽക്കാർ, മസ്ജിദിലെ ഏറ്റവും പുണ്യസ്ഥലങ്ങൾ തൂത്തുവാരുന്നnആളുകൾ, മറ്റു സ്ഥലങ്ങൾ വൃത്തിയാക്കുകയും ഉറങ്ങുന്നവരെ ഉണർത്തുകയും ചെയ്യുന്ന വിഭാഗം എന്നിങ്ങനെ ആഗകൾ 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ചില ഘട്ടങ്ങളിൽ ആഗകളുടെ എണ്ണം നൂറുകണക്കിന് എത്തിയിരുന്നു. റമദാൻ മാസത്തിൽ ബഹുമാനപ്പെട്ട പ്രവാചകന്റെ റൗദക്ക് സമീപമുള്ള മിഹ്‌റാബിൽ നിന്ന് തറാവീഹ് നമസ്‌കരിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവരുടെ എണ്ണം കുറയുകയും ഫഹദ് രാജാവിന് ശേഷം ഇതെല്ലാം അവസാനിക്കുകയും ചെയ്തു. അവരുടെ വരവ് നിർത്താനും അന്ന് രാജാവ് ഉത്തരവിട്ടിരുന്നു. രാജകൽപനയുടെ അടിസ്ഥാനത്തിൽ ദശകങ്ങളായി പുതിയ ആഗകളെ റിക്രൂട്ട് ചെയ്യാറില്ല.
മൂന്ന് വർഷം മുമ്പുള്ള റിപ്പോർട്ട് പ്രകാരം മക്കയിൽ എട്ടു ആഗകളാണുള്ളത്. കരുത്തും കർമശേഷിയും കാര്യക്ഷമതയും ഒത്തുചേർന്നവരാണ് ആഗകൾ. പ്രതിമാസം 8,000 റിയാൽ വീതമാണ് തങ്ങൾക്ക് വേതനം ലഭിക്കുന്നതെന്ന് മൂന്ന് വർഷം മുമ്പ് മരണപ്പെട്ട അലി ഹുസൈൻ ആഗ പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിലായി 43 വർഷം മുമ്പ് ഹിജ്‌റ 1399 ലാണ് ഒരാളെ ആഗ പദവിയിൽ നിയമിച്ചത്. ഹിജ്‌റ 1384 ൽ 300 റിയാലായിരുന്നു വേതനം.
മക്കയിലും മദീനയിലും ശേഷിക്കുന്ന ആഗകൾ ഏറെ പ്രായം ചെന്നവരാണ്. കൂട്ടത്തിൽ പെട്ട നിരവധി പേർ മൺമറഞ്ഞുപോയിരിക്കുന്നു. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇരു ഹറമുകളുടെയും ചരിത്രത്തിൽ സ്വാധീനവും സാന്നിധ്യവും ബാക്കിയാക്കിയാണ് ആഗകൾ ഓരോരുത്തരായി വിടവാങ്ങിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും കാലാതിവർത്തിയായ ചരിത്രരചനയിൽ ഇവർ മായാമുദ്രകൾ പതിപ്പിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഹറമിന്റെയും പ്രവാചക പള്ളിയുടെയും പരിചരണത്തിൽ പകരം വെക്കാനില്ലാത്തവരാണ് ആഗകൾ.
മത്വാഫ് കഴുകൽ, പ്രാവുകളുടെ കാഷ്ഠങ്ങൾ വൃത്തിയാക്കൽ, വിളക്കുകൾ കത്തിക്കൽ എന്നിവ അടക്കം 42 ജോലികൾ പഴയ കാലത്ത് ഇരു ഹറമുകളിലും ആഗകൾ നിർവഹിച്ചിരുന്നു. നിലവിൽ രാജാവിനെ സ്വീകരിക്കൽ, വിദേശ രാഷ്ട്ര നേതാക്കൾ അടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കൽ-അവർക്ക് സംസം വിതരണം ചെയ്യൽ, ത്വവാഫിനിടെ സ്ത്രീപുരുഷന്മാരെ വേർതിരിക്കൽ-ബാങ്ക് കൊടുത്ത ശേഷം സ്ത്രീകളെ ത്വവാഫിൽ നിന്ന് വിലക്കൽ എന്നീ കർത്തവ്യങ്ങളാണ് ആഗകൾ വിശുദ്ധ ഹറമിൽ നിർവഹിക്കുന്നത്. പ്രവാചകന്റെ തിരുശരീരം മറവു ചെയ്ത മുറിയുടെ ശുചീകരണ ചുമതലയും രാഷ്ട്രത്തിന്റെ അതിഥികളെ ബാബുസ്സലാം ഗെയ്റ്റിൽ സ്വീകരിച്ച് അനുഗമിക്കലും മസ്ജിദുന്നബവിയിലെ മിമ്പർ (പ്രസംഗപീഠം) ഖതീബുമാർക്ക് തുറന്നുകൊടുക്കലും മറ്റും മസ്ജിദുന്നബവിയിലും ആഗകൾ നിർവഹിക്കുന്നു. നിലവിൽ പ്രായാധിക്യം മൂലം പല ആഗകളും ഹറമുകളിൽ സേവനമനുഷ്ഠിക്കുന്നില്ല. നമസ്‌കാരങ്ങൾ നിർവഹിക്കാൻ മാത്രമാണ് ഇവർ ഹറമുകളിലെത്തുന്നത്. നിലവിൽ പ്രായാധിക്യം മൂലം പല ആഗകളും ഹറുമുകളിൽ സേവനമനുഷ്ഠിക്കുന്നില്ല. നമസ്‌കാരങ്ങൾ നിർവഹിക്കാൻ മാത്രമാണ് ഇവർ ഹറമുകളിലെത്തുന്നത്. ഹറമിലെയും മസ്ജിദുന്നവിയിലെയും ആഗകൾ അന്യംനിന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഗലികളും അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു.
ആഗ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി നല്ല ആരോഗ്യവാന്മാരായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. തങ്ങൾക്കു മേൽ ആഗ നിയമം ബാധകമാക്കാൻ ഇവർ തയാറാവുകയും വേണം. ആഗകളായി നിയമിക്കുന്നതിന് വ്യവസ്ഥകളെല്ലാം തികഞ്ഞവരെ കണ്ടെത്തുന്നതിന് ആഗകൾ പല രാജ്യങ്ങളിലേക്കും യാത്രകൾ പോയിരുന്നു. വ്യവസ്ഥകൾ പൂർണമായവരെ കണ്ടെത്തിയാൽ അക്കാര്യം ആഗകളുടെ കാരണവരെ അറിയിക്കുകയാണ് ചെയ്യുക. സഊദിയിലെത്തിച്ചശേഷം മെഡിക്കൽ പരിശോധനകളെല്ലാം നടത്തി ആഗ നിയമത്തെ കുറിച്ച് അറിയിക്കും. ഇതിനുശേഷം ആഗയായി നിയമിക്കുന്നതിനുള്ള ഫയൽ ആഗാ കാരണവർ ഹജ്, ഔഖാഫ് മന്ത്രിക്ക് സമർപ്പിക്കുകയും ആഗയായി നിയമനം നൽകി മന്ത്രി ഉത്തരവിടുകയും സഊദി പൗരത്വം അനുവദിക്കുകയും ചെയ്യും. ഇതായിരുന്നു നേരത്തെ നടന്നിരുന്നത്.
മസ്ജിദുന്നബവിയിൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തിരുശരീരം മറവു ചെയ്ത മുറിയുടെ താക്കോൽ സൂക്ഷിപ്പ് ചുമതല ഇന്നും ആഗകളുടെ പക്കലാണ്. താക്കോൽ കൈവശം വെക്കുന്നയാളല്ലാതെ മറ്റാരും ഇത് കാണാൻ പാടില്ലെന്ന് ഇവർക്ക് നിർദേശമുണ്ട്. മൂന്നു വർഷം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഈ താക്കോലിന്റെ ഫോട്ടോ എടുക്കാൻ ഉപാധിയോടെ ആഗകൾ തന്നെ അനുവദിച്ചതെന്ന് ആഗകളെ കുറിച്ച ചരിത്രം രേഖപ്പെടുത്തിവെക്കാൻ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ചുമതലപ്പെടുത്തിയതു പ്രകാരം മസ്ജിദുന്നബവിയിലെ ആഗകളുടെ ഫോട്ടോകൾ ചിത്രീകരിച്ച സഊദി ഫോട്ടോഗ്രാഫർ ആദിൽ അൽഖുറൈശി നേരത്തെ വെളിപെടുത്തിയിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക