മദീന – കേരള സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസിന് ആവശ്യമുയരുന്നു

റിയാദ്: പ്രവാചക നഗരിയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെയും ആയിരക്കണക്കിന് ഹജ്ജ് – ഉംറ തീർത്ഥാടകാരുടേയും ദീർഘകാലത്തെ സ്വപ്നമാണ് പ്രവാചക നഗരിയായ മദീനയിലേക്ക് നേരിട്ട് പറന്നെത്തുക എന്നത്.

ഇപ്പോൾ വർഷം മുഴുവൻ തീർത്ഥാടകർ ഉണ്ടെങ്കിലും ഹജ്ജ് സീസണിൽ ഒഴികെ ഇന്ത്യയിൽ നിന്നും മദീനയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. ഇത് പ്രവാസികൾക്കും മദീന സന്ദർശിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ദിവസേന മദീനയിലേക്ക് വിമാന സർവീസ് ഉണ്ട്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ ജിദ്ദ വഴിയാണ് മക്കയിലേക്കും മദീനയിലേക്കും പോകുന്നത്. ഇന്ത്യയിൽ നിന്നും ദിനേന നൂറുക്കണക്കിന് തീർത്ഥാടകർ ഉണ്ടായിട്ടും മദീനയിലേക്ക് ഒരിടത്ത് നിന്നും നേരിട്ട് വിമാന സർവീസ് ഇല്ല. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളും ഹജ്ജ് – ഉംറ ഏജൻസികളും സർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്.

ഇന്ത്യയിൽ നിന്നും കൂടുതൽ പ്രവാസികളും ഹജ്ജ് – ഉംറ തീർത്ഥാടകരും ഉള്ള കേരളത്തിൽ നിന്നും മദീനയിലേക്ക് നേരിട്ട് വിമാന സർവീസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ കൊച്ചിയിൽ നിന്നും സഊദി അറേബ്യയുടെ ദേശീയ വിമാന ക്കമ്പനിയായ സഊദി എയർലൈൻസ് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. സഊദി എയർലൈൻസിന്റെ കൊച്ചിയിൽ നിന്നുള്ള സർവീസ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മദീനയിലേക്ക് നീട്ടണമെന്നാണ് ആവശ്യം. എങ്കിൽ ഇത് മദീനയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും വലിയ അനുഗ്രഹമാവും.

ഇത് പോലെ, സഊദിയിലെ സ്വകാര്യ ബഡ്ജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് റിയാദ് – കോഴിക്കോട് സെക്റ്ററിൽ സർവീസ് നടത്തുന്നുണ്ട്. ഈ മാസം മുതൽ ആഴ്ചയിൽ ആറു ദിവസം സർവീസ് ആയി വർധിപ്പിച്ചിട്ടുണ്ട്. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈ നാസ് നവംബർ മുതൽ മദീനയിൽ നിന്നും ബംഗ്ലാദേശിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് പോലെ മദീനയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിച്ചാൽ മലബാറിലെ പ്രവാസികൾക്കും തീർത്ഥാടകർക്കും വലിയ ആശ്വാസമാകും. പ്രവാസി സംഘടനകളും ഹജ്ജ്- ഉംറ ഏജൻസികളും സമ്മർദ്ദം ചെലുത്തിയാൽ ഭാവിയിൽ ഫ്ലൈ നാസ് മദീനയിൽ നിന്നും കോഴിക്കോട് സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ഇതിനു ബന്ധപ്പെട്ട എല്ലാവരിൽ നിന്നും ശക്തമായ സമ്മർദ്ദം ഉയരണം.

കേരളത്തിൽ നിന്നും ഹജ്ജ് – ഉംറ തീർത്ഥാടകരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നും മദീനയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ആവശ്യപ്പെട്ടു. പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഇത് വലിയ ആശ്വാസം നൽകുന്നതോടൊപ്പം സഊദിയിലെ വിനോദ സഞ്ചരികൾക്ക് കേരളം സന്ദർശിക്കാനും ഇത് ഏറെ സഹായകരമാവുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.