വി.ഡി.സതീശൻ പാണക്കാട്; അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച

0
1829

മലപ്പുറം: സിപിഎമ്മിന്റെ
ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ് അറിയിച്ചതിനു പിന്നാലെ പാണക്കാട് എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ സതീശൻ എത്തിയത്.

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സതീശനെ സ്വീകരിച്ചു. നേതാക്കളുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു.

പാണക്കാട് തറവാട്ടിൽ കോൺഗ്രസ് നേതാക്കൾ എത്തുന്നത് സ്വാഭാവികമായ കാര്യമാണെന്ന് ചർച്ചയ്ക്കു ശേഷം സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. സൗഹൃദ സന്ദർശനമാണിത്. നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിനു തന്നെയാണ് വന്നത്. കോൺഗ്രസും ലീഗും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധം കൂടുതൽ ദൃഢമായി.

കോൺ​ഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീ​ഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്ത പാർട്ടികളാണ്. ഏതു പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാൽ പാർട്ടി നേതൃത്വം അതു പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കൺവൻഷന് മലപ്പുറത്ത് എത്തിയതാണ് സതീശൻ. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ലീഗ് അറിയിച്ചതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ആണ്. കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്ത് വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുഡിഎഫിനെയും ബാധിക്കുമോയെന്ന ആശങ്കയ്ക്കിടയിലുമാണ് ഈ ചർച്ച. തിരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർഥികളെ ബാധിക്കാവുന്ന വിഷയം ആയതിനാൽ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ലീഗിന് ആഗ്രഹം ഉണ്ട്. ഈ പശ്ചാത്തലത്തിൽ ആണ് സന്ദർശനം.