Thursday, 7 December - 2023

ഗാസയിലെ പരിക്കേറ്റ ആയിരം കുഞ്ഞുങ്ങളെ ചികിത്സക്കായി യുഎഇയിലേക്ക് കൊണ്ടുവരും

ദുബൈ: ആയിരം ഫലസ്തീൻ കുട്ടികളെ ചികിത്സക്കായി യുഎഇയിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് യുഎഇ. ഈജിപ്തിലെ റഫ ക്രോസിംഗ് കുടിയേറ്റക്കാർക്കും ഗാസയിൽ നിന്ന് പരിക്കേറ്റ സാധാരണക്കാർക്കുമായി തുറന്നതോടെയാണ് യുഎഇയുടെ പ്രഖ്യാപനം. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുട്ടികൾക്ക് ചികിത്സ നൽകാൻ ഉത്തരവിറക്കി.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും തമ്മിലുള്ള ഫോൺ കോളിലാണ് ഇക്കാര്യം അറിയിച്ചത്.

വൈദ്യചികിത്സയ്ക്കായി ആയിരം ഫലസ്തീൻ കുട്ടികളെ യുഎഇയിലേക്ക് കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിൽ നിന്നുള്ള കുട്ടികൾക്ക് ആതിഥ്യമരുളാനും അവർക്ക് വൈദ്യചികിത്സ നൽകാനുമാണ് യുഎഇയുടെ തീരുമാനം.

ഗാസയിലെ സാധാരണക്കാർക്ക് ആശ്വാസവും വൈദ്യസഹായവും സുരക്ഷിതവും തടസ്സരഹിതവും സുസ്ഥിരവുമായി അവശ്യ സാധനങ്ങൾ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഓർമിപ്പിച്ചു.

Most Popular

error: