Saturday, 5 October - 2024

ഷാര്‍ജയില്‍ വീടിന് തീപിടിച്ച് സ്വദേശിയും 12കാരിയായ മകളും മരിച്ചു; പിതാവ് ശ്വാസംമുട്ടിയും മകള്‍ ഗുരുതരമായി പൊള്ളലേറ്റുമാണ് മരിച്ചത്

ഷാര്‍ജയില്‍ വീടിന് തീപിടിച്ച് സ്വദേശിയും 12കാരിയായ മകളും മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. അല്‍ സുയൂഹ് 16 പരിസരത്തുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.

പിതാവ് ശ്വാസംമുട്ടിയും മകള്‍ ഗുരുതരമായി പൊള്ളലേറ്റുമാണ് മരിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.27നാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി പറഞ്ഞു. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ അഗ്നിശമനസേന തീയണച്ച് നടത്തിയ പരിശോധനയില്‍ വീടിന്റെ മുറ്റത്ത് കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുറിക്കകത്ത് നിന്നാണ് പിതാവിനെ കണ്ടെത്തിയത്. ദേശീയ ആംബുലന്‍സ് ടീം കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ബോധരഹിതനായ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഗ്നിസുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Most Popular

error: