രണ്ടാം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ….സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ലെന്ന ഉത്തരവുമായി അസം സര്‍ക്കാര്‍. വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് അവരുടെ ആദ്യഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
രണ്ടാം വിവാഹത്തിന് ചില സമുദായങ്ങള്‍ അനുമതി നൽകുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതി തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരുടെ മരണശേഷം ഭർത്താവിന്റെ പെൻഷനുവേണ്ടി രണ്ടുഭാര്യമാർ തമ്മിൽ വഴക്കിടുന്ന സംഭവങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കണമെന്നാണ് അസം സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഈ വർഷം ആദ്യം ഹിമന്ത പറഞ്ഞിരുന്നു.
“ഞങ്ങൾ ബഹുഭാര്യത്വം ഉടനടി നിരോധിക്കും. സെപ്റ്റംബറിലെ അസംബ്ലി സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ്, എന്തെങ്കിലും കാരണത്താൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ജനുവരിയിൽ ഞങ്ങളത് അവതരിപ്പിക്കും”, ഹിമന്ത നേരത്തെ പറഞ്ഞിരുന്നു.