സമസ്തയോട് കളിക്കരുത്, അധിക്ഷേപിക്കുന്നവർ അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കും, ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്ക് അറിയാം; ജിഫ്രി മുത്തുക്കോയ തങ്ങൾ

0
733

കാസർഗോഡ്: സമസ്തയോട് കളിക്കരുതെന്നും അധിക്ഷേപിക്കുന്നവർ അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കുമെന്നും ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്ക് അറിയാമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

നീലേശ്വരത്ത് എസ്.വൈ.എസ് സംസ്ഥാന മീലാദ് ക്യാമ്പയിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ പോഷക സംഘടനകളെ കുറിച്ച് അറിയാത്തവരാണ് സമസ്തയെ കുറിച്ച് പറയുന്നത്. ആദ്യം സമസ്തയെ കുറിച്ച് പഠിക്കണം. പഠിച്ച ശേഷം മതി ആക്ഷേപങ്ങൾ. അല്ലെങ്കിൽ അത് അധഃപതനത്തിലേക്കുള്ള പോക്കാണ്. സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല. ഇതിൽ ആരൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും ഗേറ്റ് കീപ്പർമാരായി അധികാരപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദപ്പെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദിത്തപ്പെട്ടവർ കടിഞ്ഞാണിടണം, അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണം. അതുമല്ലെങ്കിൽ അങ്ങനെയുള്ളവരെ എവിടെയാണോ ആക്കേണ്ടത്, അതിന് പറ്റിയ സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണമെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു.

അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. അപ്പോൾ പല തകരാറുകളുമുണ്ടാകും. പ്രയാസങ്ങൾ ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണം. ‘എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ ആർക്കുമറിയില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കി ഏതെങ്കിലും കടലാസിൽ ഒപ്പിടുമ്പോഴാണ് അറിയുന്നതെന്നുമുള്ള നിലയിൽ ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ ഇന്റർവ്യൂവിലെ പി.എം.എ സലാമിന്റെ പരിഹാസം സമസ്തയിലും ലീഗ് കേന്ദ്രങ്ങളിലുമെല്ലാം രൂക്ഷമായ പ്രതികരണങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.

സമസ്തയുടെ വിദ്യാർത്ഥി ഘടകത്തിന്റെ അധ്യക്ഷനായ പാണക്കാട് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പി.എം.എ സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സലാമിന്റെ പ്രതികരണം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ അറിവില്ലായ്മയാണെന്നു പറഞ്ഞ് തള്ളിപ്പറഞ്ഞിരുന്നു.