റിയാദ്: ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന സൈനിക അതിക്രമം അവസാനിപ്പിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ സൗദി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിലും പരിസരപ്രദേശങ്ങളിലും തുടരുന്ന സൈനിക നടപടി ഇരുവരും വിലയിരുത്തി. നിരപരാധികള്‍ക്ക് നേരെ നടക്കുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെക്കണം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഉപരോധം പിന്‍വലിക്കാനും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളെ മാനിക്കാനും ആവശ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ട്.
ഫലസ്തീന്‍ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വത സമാധാനം കൈവരിക്കാനും ആവശ്യമായ സാഹചര്യങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. സിവിലിയന്മാരെ ഏതെങ്കിലും വിധത്തില്‍ ലക്ഷ്യം വെക്കാനോ അവരുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യ നിഷേധത്തെയോ അംഗീകരിക്കാനാവില്ല-ബ്ലിങ്കനോട് കിരീടാവകാശി വ്യക്തമാക്കി.