ടെഹ്റാൻ: അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ. പാക്കിസ്ഥാൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യുഎഇ, ജോർദാൻ സ്വദേശികളാണ് പരുക്കേറ്റ മറ്റുള്ളവർ.
അതിനിടെ, തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനു പിന്നിലെ പ്രധാനി അലിറേസ തങ്സിരി ആയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോർട്ട്.
അതേസമയം, അലിറേസ തങ്സിരി കൊല്ലപ്പെട്ടെന്ന് ഇറാനോ ഇസ്രയേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2018 മുതൽ കമാൻഡറായി സേവനമനുഷ്ഠിക്കുന്ന അലിറേസ തങ്സിരി, യുഎസിന്റേയും ഇസ്രയേലിന്റെയും വധശ്രമങ്ങളിൽ നിന്ന് പലതവണ രക്ഷപ്പെട്ടിട്ടുള്ള വ്യക്തിയാണ്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ മരണം ഇറാന് വലിയ തിരിച്ചടിയായിരുന്നു.
അതേസമയം, യുഎസും ഇസ്രയേലും ഖാർഗ് ഉൾപ്പെടെയുള്ള തങ്ങളുടെ ദ്വീപുകൾ ആക്രമിച്ചുകൊണ്ട് യുദ്ധം വ്യാപിപ്പിക്കാൻ ശ്രമിച്ചാൽ, സൂയസ് കനാലിലേക്കുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്ക് തടയുമെന്നാണ് ഇറാന്റെ ഭീഷണി. ലോകത്തെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ നിലവിൽ തന്നെ ഇറാനു ശക്തമായ നിയന്ത്രണമുണ്ട്. ബാബ് അൽ-മന്ദബിലെ ഏതൊരു തടസ്സവും പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം വർധിപ്പിക്കും.
ഇറാൻ ഒരു കരാറിനായി തങ്ങളോട് യാചിക്കുകയാണെന്നും എന്നാൽ പുറംലോകത്തോട് തങ്ങൾ അമേരിക്കയുടെ നിർദേശം പരിശോധിച്ചു വരികയാണെന്ന് മാത്രമാണ് അവർ പറയുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സൈനികമായി തകർക്കപ്പെട്ടുവെന്നും അവർക്ക് ഇനി ഒരു തിരിച്ചുവരവിനു സാധ്യതയില്ലെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
