കണ്ണൂരില്‍ സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു

0
3095

കണ്ണൂര്‍: കൂത്തുപറമ്പ് ആറാം മൈലില്‍ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ആറാംമൈല്‍ മൈതാനപ്പള്ളിയിലാണ് അപകടം. ബസുമായി കൂട്ടിയിടിച്ചാണ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്.

ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയര്‍ന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സിഎൻജി ഓട്ടോയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ ഓട്ടോയിൽ തൽക്ഷണം തീപടർന്നു. വൻതോതിൽ തീപടർന്നതോടെ ഡ്രൈവറും യാത്രക്കാരനും ഓട്ടോയിൽ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

തീ ആളിക്കത്തിയോടെ ദൃക്സാക്ഷികൾക്കും സമീപത്തേക്ക് അടുക്കാനോ തീ അണയ്ക്കാനോ സാധിച്ചില്ല. അഗ്നിരക്ഷാ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. മാസങ്ങൾക്കു മുൻപ് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപത്ത്നിന്ന് കാറിന് തീപിടിച്ചു ദമ്പതികൾ വെന്തുമരിച്ചിരുന്നു. ഇതിന്റെ മടക്കം മുൻപേയാണ് ഈയൊരു അപകടം. ഇപ്പോഴത്തെ അപകടത്തിന്റെ വീഡിയോ റിപ്പോർട്ട് കാണാം 👇