അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ സ്ഥാപിച്ചാൽ പിഴ ചുമത്തും

0
1118

ജിദ്ദ: അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. വാഹനങ്ങളുടെ വേഗം കുറക്കാൻ വേണ്ടി സ്ഥാപിക്കുന്ന ഹംപുകൾ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ നീക്കം ചെയ്താൽ 5,000 റിയാൽ പിഴ ലഭിക്കും. ഹംപുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 3,000 റിയാലാണ് പിഴ ലഭിക്കുക.

ഫുട്പാത്തുകൾ ഏതെങ്കിലും രീതിയിൽ നശിപ്പിക്കുന്നവർക്ക് 5,000 റിയാൽ പിഴ ലഭിക്കും. ട്രാക്ക് മാറ്റാൻ വേണ്ടി ഫുട്പാത്തിനു മുകളിൽ ടാർ ചെയ്യുന്നതിന് 5,000 റിയാലാണ് പിഴ ചുമത്തുക. ഫുട്പാത്തിലും ടാർ റോഡിലും വെച്ച് സിമന്റ് കൂട്ടുന്നതിന് 10,000 റിയാൽ പിഴ ലഭിക്കും. ഏതു നിയമ ലംഘനവും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും.

റോഡുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ രണ്ടാഴ്ച മുമ്പു മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യ മന്ത്രാലയം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ രണ്ടാഴ്ചക്കു ശേഷം നിലവിൽവരും.

സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ചാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നിർണയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരേ നിയമ ലംഘനത്തിന് വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുകയും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയുമാണ് പിഴ ചുമത്തുക.