ഇസ്റാഈൽ സൈനികരെയും പൗരൻമാരെയും ബന്ദികളാക്കി ഹമാസ്; ചിലരെ ഗാസയിലേക്ക് ‘കടത്തി’

0
3095

അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്റാഈൽ പകച്ചുപോയതോടെയാണ് സൈനികർ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്

ഗസ്സ സിറ്റി/ ജറൂസലേം: തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇസ്റാഈലിനെതിരെ ആക്രമണം നടത്തിയ ഹമാസ്, ഇസ്റാഈൽ സൈനികരെയും സാധാരണക്കാരായ പൗരൻമാരെയും വിദേശികളെയും ബന്ദികളാക്കിയതായി റിപ്പോർട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 53 പേരെ ബന്ദികളാക്കിയതായാണ് ഹമാസ് പറയുന്നത്. നേപ്പാളിൽ നിന്നുള്ളവർ ഉൾപ്പെടെ ചില വിദേശികളും ഇക്കൂട്ടത്തിലുള്ളതായാണ് സൂചന. ഇസ്റാഈലി ഡിഫൻസ് ഫോഴ്സസിന്റെ (ഐഡിഎഫ്) ഒരു മേജർ ജനറലിനെ ഹമാസ് ബന്ദിയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യു

സംഭവത്തിൽ ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു. ഗസ്സയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ മരണ സംഖ്യ 198 ആയി ഉയർന്നു. 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നേരത്തെ, ഹമാസ് തെക്കൻ ഇസ്റാഈലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. ആക്രമണങ്ങളിൽ പരിക്കേറ്റ 750ഓളം പേർ ഇസ്റാഈലിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

അപ്രതീക്ഷിതമായി നേരിട്ട ആക്രമണത്തിൽ ആദ്യം പകച്ചു പോയ ഇസ്റാഈൽ പിന്നീട് തിരിച്ചടി ശക്തമാക്കുകയായിരുന്നു. 200ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോർട്ട്. വീണ്ടും ഗാസ കത്തുന്ന സ്ഥിതി വിശേഷത്തിലേക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്റാഈലി കുടിയേറ്റക്കാരും ജൂത പുരോഹിതരും അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്റാഈൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ഇപ്പോൾ ആക്രമണം തുടങ്ങിയത്. കൂറ്റൻ വേലികൾ തകർത്തും പാരാമോട്ടോർ ഗ്ലൈഡർ വഴി ആകാശത്തുകൂടിയും ബോട്ടുകളിൽ കടലിലൂടെയും ഇസ്രായേൽ പ്രദേശങ്ങളിലേക്ക് ഹമാസ് പോരാളികൾ കടന്നുകയറി.

2000 ത്തിലേറെ റോക്കറ്റുകൾ ഗസ്സ മുനമ്പിൽനിന്ന് ഹമാസ് തൊടുത്തുവിടുകയും ചെയ്തു. . ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. പത്തിലേറെ പ്രദേശങ്ങളിൽ ഹമാസ് പോരാളികൾ നുഴഞ്ഞുകയറി ആക്രമണം നടത്തി. ഇസ്റാഈൽ തെരുവുകളിലൂടെ വെടിയുതിർത്തു നീങ്ങുന്ന നിരവധി വിഡിയോകൾ പുറത്തുവന്നു. ഇസ്റാഈൽ സൈന്യത്തിന്റെ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുത്ത ഹമാസ് സംഘം നിരവധി ഇസ്റാഈൽ സൈനികരെ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോയി. ഇസ്രായേൽ കമാൻഡർമാരെ തങ്ങൾ ബന്ദികളാക്കിയതായി ഹമാസ് അവകാശപ്പെട്ടു.

ശനിയാഴ്ച രാവിലെ ആരംഭിച്ച റോക്കറ്റ് ആക്രമണത്തിനു പുറമെ, 200 മുതൽ 300 വരെ ഹമാസ് പോരാളികൾ ഇസ്റാഈലിലേക്ക് നുഴഞ്ഞുകയറിയും ആക്രമണം നടത്തി. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതിനകം എഴുപതിലധികം ഇസ്റാഈലികൾക്കാണ് ജീവൻ നഷ്ടമായത്. സമീപകാലത്ത് ഇസ്റാഈൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

നേപ്പാളിൽനിന്ന് പഠനത്തിനായി ഇസ്റാഈലിലെത്തിയ ഏഴു പേർക്ക് ഹമാസിന്റെ ആക്രണത്തിൽ പരുക്കേറ്റതായി ഇസ്റാഈലിലെ നേപ്പാൾ അംബാസഡർ സ്ഥിരീകരിച്ചു. ചില വിദ്യാർഥികളെ ഹമാസ് ബന്ദികളാക്കിയതായും അദ്ദേഹം അറിയിച്ചു. ‘ലേൺ ആൻഡ് ഏൺ’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഇസ്റാഈലിലെത്തിയ വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടതെന്ന് അംബാസഡർ കാന്ത റിജാൽ വ്യക്തമാക്കി.

നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ ഇസ്റാഈലിൽ വീടുവീടാന്തരം കയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സൈനിക പോസ്റ്റുകളും ഇവർ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പകച്ചുപോയതോടെയാണ് സൈനികർ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്. ബന്ദികളാക്കിയ സൈനികരിൽ ചിലരെ ഗാസയിലേക്ക് കടത്തിയതായും റിപ്പോർട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യു

https://twitter.com/amineenrique/status/1710786940373541172?t=lL5XL11FHn4A_YZGWmSETw&s=19