പരിശോധന ശക്തം; നിയമം ലംഘിച്ച 7,685 പ്രവാസികളെ നാടുകടത്തി

0
1425

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ നിയമലംഘകരായ 7,685 പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത്‌
ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ പിടികൂടി നാടുകടത്തിയത്. 

സെപ്തംബറില്‍ മാത്രം 3,837 പേരെയാണ് നാടുകടത്തിയത്. ഇതില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളുമാണ്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി പോയവരും ഇതില്‍പ്പെടും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച 3,848 പ്രവാസികളെ ഓഗസ്റ്റ് മാസത്തില്‍ നാടുകടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം 800 പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നല്‍കിയിട്ടുണ്ട്. കൂട്ട പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സ്വദേശിവത്കരണ നയവുമായി ബന്ധപ്പിച്ചാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതില്‍‌ ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.