സഊദിയിൽ 8 പ്രവിശ്യകളിൽ റെഡ് അലർട്ട്

0
18

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ 8 പ്രവിശ്യകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. റിയാദ്, മക്ക, ജിസാൻ, ഹായിൽ, ഖസീം, അസീർ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

ശക്തമായ കാറ്റ്, വലിയ തോതിൽ ആലിപ്പഴ വീഴ്ച, മിന്നൽ എന്നിവയോടൊപ്പം മിന്നൽപ്രളയത്തിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും തടാകങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ പോകുന്നത് കർശനമായി വിലക്കി. 

മിന്നലുള്ളപ്പോൾ മരങ്ങൾക്കോ ലോഹനിർമിതികൾക്കോ താഴെ നിൽക്കരുത്. തബൂക്ക് പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളായ ജബൽ അൽ-ലൗസ്, അൽ-അഖാൻ എന്നിവിടങ്ങളിൽ നേരിയ മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്. സഹായങ്ങൾക്ക് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.

കനത്ത മഴയിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വിഭാഗം നിർദേശിച്ചു. മഴ ശനിയാഴ്ച വരെ തുടരും.
….