ജിദ്ദ: ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ കൂട്ടത്തിൽ റിയാദും.
അറബ് ലോകത്തു നിന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദുബായ് ആണ്.
അറബ് ലോകത്തു നിന്ന് ആകെ അഞ്ച് നഗരങ്ങളാണ് റെസനൻസ് കൺസൾട്ടൻസി തയാറാക്കിയ പട്ടികയിൽ ഇടംപിടിച്ചത്.
ആഗോള തലത്തിൽ ദുബായിയുടെ സ്ഥാനം ആറാമതാണ്. അറബ് ലോകത്തു നിന്ന് പട്ടികയിൽ രണ്ടാമതെത്തിയ അബുദാബി ആഗോള തലത്തിൽ 25 ാം സ്ഥാനത്തും അറബ് ലോകത്ത് നിന്ന് മൂന്നാം സ്ഥാനത്തെത്തിയ റിയാദ് ആഗോള തലത്തിൽ 28 ാം സ്ഥാനത്തും അറബ് ലോകത്തു നിന്ന് നാലാമതെത്തിയ ദോഹ ആഗോള തലത്തിൽ 36 ാം സ്ഥാനത്തും അറബ് ലോകത്തു നിന്ന് അഞ്ചാം സ്ഥാനത്തെത്തിയ കുവൈത്ത് ആഗോള തലത്തിൽ 58 ാം സ്ഥാനത്തുമാണ്.
ജീവിത നിലവാരം, പ്രശസ്തി, മത്സരക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക റെസനൻസ് കൺസൾട്ടൻസി തയാറാക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ലണ്ടനും രണ്ടാം സ്ഥാനത്ത് പാരീസും മൂന്നാം സ്ഥാനത്ത് ന്യൂയോർക്കും നാലാം സ്ഥാനത്ത് ടോക്കിയോയും അഞ്ചാം സ്ഥാനത്ത് സിങ്കപ്പൂരുമാണ്.
ദുബായ്, അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ, സ്‌പെയിനിലെ ബാഴ്‌സലോണ, നെതർലാന്റ്‌സിലെ ആംസ്റ്റർഡാം, ദക്ഷിണ കൊറിയയിലെ സിയോൾ എന്നീ നഗരങ്ങളാണ് ആറു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങളിൽ.
ഗൾഫ് നഗരങ്ങൾ വികസിപ്പിക്കാനും ജീവിത നിലവാരവും ആഗോള മത്സരക്ഷമതയും വർധിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നു.