വായനയുടെ വസന്തം ഒരുകി റിയാദ് രാജ്യാന്തര പുസ്തകോത്സവം

0
721

റിയാദ്: 32 രാജ്യങ്ങളിൽ നിന്നായി 1800 പ്രസാധകർ പങ്കെടുക്കുന്ന
വായനയുടെ വസന്തം ഒരുകി റിയാദ് രാജ്യാന്തര പുസ്തകോത്സവം. കേരളത്തിൽ നിന്ന് ഒരു പ്രസാധകനുണ്ടായില്ല എന്നത് മലയാളി വായനക്കാരെ ഏറെ നിരാശരാക്കി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള 10 പ്രസാധകരിൽ നാലു പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു.

കിങ്‌ സൗദ് യൂണിവേഴ്‌സിറ്റി കാമ്പസിൽ വ്യാഴാഴ്ചയാണ് പുസ്തകോത്സവം ആരംഭിച്ചത്. 50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി ലിറ്റററി, പബ്ലിക്കേഷൻ, ട്രാൻസ്ലേഷൻ കമ്മീഷൻ സംഘടിപ്പിക്കുന്ന മേള “പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം” എന്ന മുദ്രാവാക്യത്തിൽ 10 ദിവസം നീണ്ടുനിൽക്കും. ഒമാൻ ആണ് ഈ വർഷത്തെ വിശിഷ്ടാതിഥി.

‘റിയാദ് റീഡ്സ് ഫ്രഞ്ച്’ പദ്ധതിയുടെ ഭാഗമായി 70 ഫ്രഞ്ച് പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഒക്‌ടോബർ ഏഴുവരെ നടക്കുന്ന മേളയുടെ മറ്റൊരു പ്രധാന ആകർഷണം 25 ദശലക്ഷത്തിലധികം അപൂർവ കൈയെഴുത്തു പ്രതികളാണ്.
പുസ്തകോത്സവത്തോടനുബന്ധിച്ച് ഇരുന്നൂറോളം സാംസ്കാരിക പരിപാടികളും ഇവിടെ നടക്കുന്നുണ്ട്.

രാജ്യത്തെയും അറബ് ലോകത്തെയും പുസ്തകങ്ങളുടെ
സംസ്കാരത്തിന്റെ ഏറ്റവും വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന മേളയിൽ പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ, ചർച്ചകൾ, കലാപ്രകടനങ്ങൾ, കവിതാ സംഗമങ്ങൾ, നാടകങ്ങൾ, സംഗീത കച്ചേരികൾ എന്നിവയുണ്ട്. അറബ് ലോകത്തെ ബുദ്ധിജീവികളും എഴുത്തുകാരും ചിന്തകരും നിരൂപകരും കലാകാരന്മാരും ഇതിൽ അണിനിരക്കും.

ജീവചരിത്രങ്ങൾ, ബാലസാഹിത്യങ്ങൾ, വിവർത്തനം, വിവിധ രാജ്യങ്ങളിലെ സമ്പന്നമായ സാംസ്കാരിക ഇടപെടലുകളും ടൂറിസം മേഖലകളും വിശദീകരിക്കുന്ന പുസ്തകങ്ങൾ വരെ വായനക്കാരെ കാത്തിരിക്കുന്നുണ്ട്. കുട്ടികളുടെ കഴിവും അറിവും വർധിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളും നടക്കും. കുട്ടികൾക്കായി കവിതാ പാരായണ മത്സരവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.