ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഊദിയിലെ മുൻ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സയീദ് സർവ്വീസിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞനാണ് ഡോ. ഔസാഫ് സയീദ്. ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്നലെയാണ് വിരമിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവാസികാര്യം, കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയായാണ് ഡോ. ഔസാഫ് സയീദ് വിരമിച്ചത്.
1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഡോ. ഔസാഫ് സഈദ്. ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ഡെന്‍മാര്‍ക്ക്, യുഎസ്, സീഷെല്‍സ്, യെമന്‍ എന്നിവിടങ്ങളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലും ഖത്തറിലും അമേരിക്കയിലും ഇന്ത്യയുടെ ‘ജനകീയ നയതന്ത്രജ്ഞന്‍’എന്ന് പേരെടുത്ത അദ്ദേഹം സേവനമനുഷ്ഠിച്ച മേഖലകളിലെല്ലാം തിളങ്ങുകയും ചെയ്തിരുന്നു. പ്രവാസി മലയാളികള്‍ക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ഔസാഫ് സയീദ്. അറബ് വേരുകളുള്ള പ്രശസ്ത ഹൈദരാബാദി കുടുംബത്തിലെ അംഗമാണ്.
ഡോ. ഔസഫിന് പകരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവാസികാര്യം, കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയായി മുക്തേഷ് കുമാര്‍ പര്‍ദേശിയെ ക്യാബിനറ്റിന്റെ കേന്ദ്ര നിയമന സമിതി നിയമിച്ചു ഉത്തരവ് വന്നിട്ടുണ്ട്. ജി20 ഓപറേഷന്‍സിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു പര്‍ദേശി.




