മക്ക ഹറമിനെയും ജിദ്ദ വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണ ജോലികൾ അവസാന ഘട്ടത്തിൽ

0
1417

ജിദ്ദ: മക്ക ഹറമിനെയും ജിദ്ദ വിമാനത്താവളത്തെയും
നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണ ജോലികൾ അവസാന ഘട്ടത്തിൽ.

റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ച് ജിദ്ദയെയും മക്കയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പുതിയ റോഡ് ജിദ്ദ-മക്ക യാത്രാ സമയം 35 മിനിറ്റ് ആയി കുറക്കും. റോഡ് നിര്‍മാണ ജോലികളുടെ 70 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

ഹജ്, ഉംറ തീര്‍ഥാടകരുടെ നീക്കം എളുപ്പമാക്കാനും നിലവിലെ ജിദ്ദ, മക്ക റോഡ് ആയ അല്‍ഹറമൈന്‍ റോഡ് അടക്കം മറ്റു റോഡുകളിലെ തിരക്ക് കുറക്കാനും പുതിയ റോഡ് സഹായിക്കും. ജിദ്ദ കിങ്‌ അബ്ദുല്‍ അസീസ് വിമാനത്താവളത്തെയും മക്കയെയും പുതിയ റോഡ് നേരിട്ട് ബന്ധിപ്പിക്കുന്നു.

ആകെ 73 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ഓരോ ദിശയിലും നാലു ട്രാക്കുകള്‍ വീതമാണുണ്ടാവുക. നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിന് ഏഴു കിലോമീറ്റും രണ്ടാം ഘട്ടത്തിന് 19 കിലോമീറ്ററും മൂന്നാം ഘട്ടത്തിന് 27 കിലോമീറ്ററും നാലാം ഘട്ടത്തിന് 20 കിലോമീറ്ററും നീളമാണുള്ളത്. ഒന്നാം ഘട്ടത്തിന്റെ 92 ശതമാനവും രണ്ടാം ഘട്ടത്തിന്റെ 93 ശതമാനവും മൂന്നാം ഘട്ടത്തിന്റെ 100 ശതമാനവും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.