റിയാദ്: ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും സഊദി അറേബ്യയിലേക്കെത്തും. ഒക്ടോബർ 19 ന് റിയാദ്, 20 ന് ദമാം, 21-ന് ജിദ്ദ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. ഒക്ടോബർ 19 ന് റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാൻ, പി. എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. 20 ന് ദമാമിലും 21 ന് ജിദ്ദയിലും സംഘം സന്ദർശനം നടത്തുകയും പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.
ജിദ്ദയിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽ ആയിരിക്കും സ്വീകരണമെന്ന് അറിയുന്നു. വിവിധ സംഘടനാ സാരഥികളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റികൾ മൂന്ന് നഗരങ്ങളിലും ഉടനെ രൂപീകരിക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. അതേസമയം, സഊദിയിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് അനുമതി ലഭിച്ചോ എന്ന് വ്യക്തമല്ല. അടുത്ത മാസം 19 മുതൽ 21 വരെ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നു.
പൊതുസമ്മേളനത്തിന് പുറമെ പ്രവാസി ബിസിനസ് മീറ്റ് നടത്താനും പരിപാടിയുണ്ട്.ലോകകേരള സഭയിൽ പങ്കെടുക്കാൻ സഊദിയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അമേരിക്കയിൽ നടന്ന ലോക കേരള സഭക്ക് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി അറേബ്യയിലേക്ക് ലോക കേരള സഭയിൽ പങ്കെടുക്കാൻ എത്തുന്നത്.
ലോക കേരളസഭയുടെ ലണ്ടൻ സമ്മേളന സമയത്തു തന്നെ സഊദിയിലും സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. അമേരിക്കൻ മേഖലാ സമ്മേളനത്തിൽ വിഐപികൾക്കൊപ്പം വേദി പങ്കിടാനും വിരുന്നിനും വൻ തുക ആവശ്യപ്പെട്ടു സ്പോൺസർഷിപ് കാർഡ് ഇറക്കിയതിനെതിരെ വിമർശനമുണ്ടായിരുന്നു. ഉദ്ദേശിച്ച തുക പിരിക്കാനായില്ലെന്നു സംഘാടകർ വിശദീകരിച്ചിരുന്നു. യുഎസ് സമ്മേളനകാലത്തു തന്നെ അടുത്ത മേഖലാ സമ്മേളനം സൗദിയിൽ നടത്താൻ സർക്കാർ ഒരുക്കം തുടങ്ങിയിരുന്നു.