സഊദി ദേശീയ ദിനം; പരമ്പരാഗത വസ്ത്രം ധരിച്ച് ക്രിസ്റ്റ്യാനോ

0
2641

റിയാദ്: പരമ്പരാഗത സൗദി വസ്ത്രം ധരിച്ചും വാൾ കൈയിലേന്തിയും ദേശീയദിനാഘോഷത്തിൽ ക്രിസ്റ്റ്യാനോ.
പശ്ചാത്തലത്തിലെ തനിനാടൻ സംഗീതത്തിനൊപ്പം ചുവടുകളും വയ്ക്കുന്നത് വീഡിയോയിൽ കാണാം.

കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിലും പങ്കെടുത്തിരുന്നു, പരമ്പരാഗത സൗദി വസ്ത്രം ധരിച്ച് സൗദി  നൃത്തം പോലും അവതരിപ്പിച്ചു. ദേശീയ ദിനാഘോഷത്തിനുള്ള തയാറെടുപ്പിൽ അദ്ദേഹം സൗദി ഷെമാഗ്(തലപ്പാവ്) ധരിക്കുക മാത്രമല്ല സൗദി പാരമ്പര്യങ്ങളോടുള്ള ആഴമായ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. 

ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു കാര്യം റൊണാൾഡോ വരാനിരിക്കുന്ന റിയാദ് സീസണിന്റെ അംബാസഡറാകാൻ പോകുന്നു എന്നതാണ്. അവിടെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കു വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഹൈലൈറ്റ് ആയിരിക്കും.

തന്റെ 38-ാം വയസ്സിൽ  ജനുവരിയിലാണ് റൊണാൾഡോ അൽ നാസർ ക്ലബിൽ ചേർന്നത്. പ്രതിവർഷം 200 ദശലക്ഷം യൂറോയ്ക്ക് 2025 വരെ നീളുന്ന കരാറിൽ ഒപ്പുവച്ചു. നിലവിൽ 7 ഗോളുകളുമായി സൗദി ലീഗിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ അദ്ദേഹം മുന്നിലാണ്. സഹതാരം സാദിയോ മാനെയെയും അൽ ഹിലാലിന്റെ താരമായ സലേം അൽ ദോസരിയെയും മറികടന്നു. ഇരുവരും 6 ഗോളുകൾ വീതം നേടിയിട്ടുണ്ട്.

സൗദിയുടെ ദേശീയ ദിനമായ നാളെ (23) സൗദി ജനത തങ്ങളുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്നതിനായി ഗംഭീര ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള സ്‌പോർട്‌സ് ക്ലബുകൾ സൗദി സംസ്‌കാരത്തിന് ആശംസകൾ അർപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും.