ദമാം എയർപോർട്ടിലൂടെ നാട്ടിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക!; ബാഗേജ്‌ സംവിധാനത്തിൽ മാറ്റം

0
8971

ദമാം: കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവർക്ക് ദുരിതകാലം. ബാഗേജ്‌ വിഷയത്തിൽ യാത്രക്കാർക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. ട്രോളി ബാഗ് അല്ലാത്ത മുഴുവൻ ബാഗുകളും പോളി‌തീൻ റാപ്പ് ചെയ്യണമെന്നും അത് തന്നെ എയർപോർട്ടിനകത്ത് സംവിധാനിച്ച റാപ്പിങ് മെഷീനിൽ നിന്ന് തന്നെ ആകണമെന്നുമുള്ള നിർബന്ധ പിടിവാശി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കടുത്ത നിരാശയും അരിശവുമാണ് ഉണ്ടാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനമായ നിലയിലാണ് കാര്യങ്ങളെന്നാണ് അന്വേഷണങ്ങളിൽ വ്യക്തമാകുന്നത്. നാട്ടിലേക്ക് പോകുന്ന യാത്രക്കാരുടെ ബാഗേജുകൾ മുഴുവൻ എയർപോർട്ടിനകത്തെ റാപ്പിങ് മെഷീനിൽ നിന്ന് തന്നെ റാപ്പ് ചെയ്യാനായി നിർബന്ധിക്കുകയാണെന്ന് അനുഭവസ്ഥർ പറയുന്നു. റൂമുകളിൽ നിന്ന് എയർപോർട്ട് അതോറിറ്റിയുടെ നിബന്ധനകൾ പൂർണ്ണമായി പാലിച്ചു വൃത്തിയായും ബാഗേജുകൾ റാപ്പ് ചെയ്തവരെ പോലും ബോർഡിങ്‌ പാസ് നൽകുന്ന വേളയിൽ ഗ്രൗണ്ട് സ്റ്റാഫ് മടക്കി അയക്കുകയും എയർപോർട്ടിനകത്തെ റാപ്പ് ചെയ്ത ശേഷം ബോർഡിങ്‌ നൽകുകയുമാണ് ചെയ്യുന്നത്.

നിലവിൽ ദമാം എയർപോർട്ട് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ബാഗേജ്‌ പെട്ടികൾക്ക് നിശ്ചിത വലുപ്പം, ഷേപ്പ്, കയറുകൾ ഉപയോഗിച്ച് കെട്ടിയവ അല്ലാതിരിക്കൽ തുടങ്ങി ചില നിബന്ധനകൾ മാത്രമാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇവിടെ നടക്കുന്നത് ഇതിൽ നിന്നും വിഭിന്നമാണ്. കുടുംബവുമായി പോകുന്നവരെ ഇത് ഏറെ ദുരിതത്തിലാക്കുന്നു. സമയ നഷ്ടവും ഭീമമായ പണം നഷ്ടവും മറ്റു കഷ്ടതകളും ഇവർ ഇവിടെ അനുഭവിക്കുന്നു.

ഒരു പെട്ടി റാപ്പ് ചെയ്യാൻ 35 റിയാൽ ആണ് തുക ഈടാക്കുന്നത്. ചെറിയ മൂന്നംഗ കുടുംബം യാത്ര പോകുകയാണെങ്കിൽ ചുരുങ്ങിയത് രണ്ട് പെട്ടി എന്ന തോതിൽ ആറു പെട്ടികൾക്കായി 210 റിയാൽ കൊടുക്കണം. അല്ലെങ്കിൽ മുഴുവൻ ബാഗേജുകളും ട്രോളി ബാഗിലേക്ക് മാറേണ്ടി വരും. അതിനും വൻ തുകയാണ് നൽകേണ്ടി വരുന്നത്. അതേസമയം, ട്രോളി ബാഗുകൾ റാപ്പ് ചെയ്യാതെ തന്നെ കടത്തി വിടുന്നുണ്ട്. എന്നാൽ, ട്രോളി ബാഗുകൾ റൂമുകളിൽ നിന്ന് റാപ്പ് ചെയ്തവരെ അത് അഴിപ്പിക്കുകയും റാപ്പ് ഇല്ലാതെ കടത്തി വിടാമെന്നും റാപ്പ് ചെയ്യണമെങ്കിൽ എയർപോർട്ട് റാപ്പ് ചെയ്യണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബോർഡിങ്‌ ഉദ്യോഗസ്ഥർ പറയുന്നത്.

തികച്ചും ദുരിതപൂർവ്വമായ അനുഭവങ്ങളാണ് യാത്രക്കാർ ഇവിടെ നിന്ന് പങ്ക് വെക്കുന്നത്. നാട്ടിലേക്കുള്ള യാത്രയായതിനാൽ തർക്കിക്കാനും ചോദ്യം ചെയ്യാനും മുതിരാതെ ആളുകൾ ബോർഡിങ്‌ ഉദ്യോഗസ്ഥർ പറയുന്നത് അപ്പാടെ കെട്ട് അത് പോലെ ചെയ്യുകയാണ്. ഇതിനെ മറികടക്കാൻ എയർപോർട്ടിനകത്ത് റാപ്പ് ചെയ്യുന്ന ചുവന്ന നിറത്തിലുള്ള പ്ലാസ്‌റ്റിക് സംഘടിപ്പിച്ച് പ്രതിസന്ധി മറികടക്കുന്നവരും ഉണ്ട്. വീഡിയോ കാണാം 👇

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക