മണ്ണിനടിയിൽ പതിനായിരങ്ങൾ; മരണസംഖ്യ 20,000 വരെയാകും: മരണഗന്ധം വമിക്കുന്ന ഡെർണ!

0
3221

ലിബിയയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 5000 കടന്നതായാണ് വിവരം. മരണസംഖ്യ 6000 മുതൽ 11000 വരെ എത്തി എന്ന അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു ലക്ഷമായിരുന്നു ഡെർണയിലെ ജനസംഖ്യ. 10,000 ത്തിലധികം പേരെ കാണാതായതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഇരുപതിനായിരം വരെ ഉയരുമെന്നാണ് നിഗമനം. ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഏഴു മീറ്റർ വരെ തിരമാല ഉയർന്നു. കടലിൽ 60 മൈൽ ദൂരത്തേക്കുവരെ മൃതദേഹങ്ങളെത്തിയതായാണ് വിവരം. തീരത്ത് ഇപ്പോഴും മൃതദേഹങ്ങൾ അടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റെഡ്ക്രോസ് കമ്മിറ്റി വ്യക്തമാക്കി. 

സമാനരീതിയിലുള്ള കൊടുങ്കാറ്റ് ഗ്രീസിലും മറ്റു സമീപ രാജ്യങ്ങളിലും വീശിയടിച്ചെങ്കിലും ലിബിയയിലേതു പോലെ വലിയ ദുരന്തം അവിടെയൊന്നും ഉണ്ടായില്ല. എന്തുകൊണ്ട് ലിബിയയിൽ മാത്രം ഈ പ്രകൃതിപ്രതിഭാസം ഇത്രയും പ്രത്യാഘാതമുണ്ടാക്കി എന്നതാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രധാന ചോദ്യം. കൊടുങ്കാറ്റ് മാത്രമല്ല ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയത്. കാലപ്പഴക്കം ചെന്ന നിർമാണവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുന്നറിയിപ്പുകളുടെ അഭാവവും ലിബിയയിലെ പ്രളയത്തെ വലിയ മാനുഷിക ദുരന്തമാക്കിമാറ്റിയാതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 

ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച ലിബിയയിൽ അതിശക്തമായ മഴ പെയ്തിരുന്നു. ഹരിക്കെയിനിന്റെയും ടൈഫൂണിന്റെയും സമാനസ്വഭാവമുള്ള ശക്തമായ കൊടുങ്കാറ്റാണ് ഡാനിയേൽ. ഗ്രീസ്, തുർക്കി, ബൾഗേറിയ എന്നിവിടങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവുമുണ്ടാക്കിയതിനു ശേഷമാണ് ലിബിയയിലേക്കു പ്രവേശിച്ചത്. കൊടുങ്കാറ്റിലുണ്ടായ വിവിധ അപകടങ്ങളിൽ 20 പേർ മരിച്ചു. തുടർന്ന് മെഡിറ്ററേനിയൻ കടന്ന് ഡാനിയൽ ലിബിയയിൽ പ്രവേശിച്ചു. 

കൊടുങ്കാറ്റ് വലിയ നാശനഷ്ടം വിതച്ച ഡെർണയിലെ പടിഞ്ഞാറൻ നഗരമായ അൽബെയ്ദയിൽ 24 മണിക്കൂറിനിടെ 414 മില്ലിമീറ്റർ മഴയാണ് പെയ്തത്. കാലാവസ്ഥാ വ്യതിയാനം പ്രകൃതി ദുരന്തങ്ങളുടെ ആക്കം കൂട്ടുമെന്ന് കാലാവസ്ഥാ വിദഗ്ധർ നേരത്തേ പറഞ്ഞിരുന്നു. സമുദ്രത്തിലെ താപനില ഉയരുന്നത് കൊടുങ്കാറ്റിന്റെ തീവ്രത വർധിപ്പിക്കുന്നു. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിൽക്കുന്നതിനാല്‍ മഴയുടെ അളവും ക്രമാതീതമായി വർധിച്ചു. 

∙ലിബിയയുടെ പ്രളയ ചരിത്രം

കിഴക്കൻ ലിബിയയിലെ ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by AFP)
വെള്ളപ്പൊക്കത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ഡെർണ. 1942 മുതൽ കുറഞ്ഞത് അഞ്ച് പ്രധാന വെള്ളപ്പൊക്കങ്ങൾ ലിബിയയിലുണ്ടായി. 2011ലായിരുന്നു ഏറ്റവും ഒടുവിൽ വലിയ വെള്ളപ്പൊക്കമുണ്ടായത്. 

തിങ്കളാഴ്ച തകർന്ന രണ്ട് അണക്കെട്ടുകളും അര നൂറ്റാണ്ടു മുൻപ് നിര്‍മിച്ചവയാണ്. 1973നും 1977നും ഇടയിൽ യൂഗോസ്ലാവിയൻ നിർമാണ കമ്പനിയാണ് അണക്കെട്ടുകൾ നിർമിച്ചത്. 246 അടി ഉയരമുള്ള ഡെർണ അണക്കെട്ടിന്റെ സംഭരണശേഷി 18 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ്. തകർന്ന രണ്ടാമത്തെ അണക്കെട്ടായ മൻസൂറിന് 148 അടിയാണ് ഉയരം. 1.5 ദശലക്ഷം ക്യുബിക് മീറ്ററാണ് മൻസൂർ അണക്കെട്ടിലെ ജലസംഭരണ ശേഷി. 

∙ ജാഗ്രതക്കുറവ് വിളിച്ചുവരുത്തിയ വൻവിപത്ത്

കൃത്യ സമയത്ത് മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ‘‘കൃത്യമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പുകൾ നൽകാമായിരുന്നു. അതനുസരിച്ച് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ച് വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലിബിയൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള യുഎന്നിന്റെ ശ്രമങ്ങളെ രാജ്യത്തെ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥ തടസപ്പെടുത്തി.’’– യുഎൻ വേൾഡ് മെറ്റിയറോളജിക്കൽ ഓര്‍ഗനൈസേഷന്റെ മേധാവി പെറ്ററി താലസ് പറഞ്ഞു. അതേസമയം രാജ്യത്തെ അണക്കെട്ടുകളുടെ കാര്യത്തിൽ പ്രവചനങ്ങൾ അസാധ്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. 

അണക്കെട്ടുകൾ തകർച്ചയുടെ വക്കിലാണെന്നു മുന്നറിയിപ്പുണ്ടായിരുന്നു. വാടി ഡെർണ റിസർവോയറിലെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കിൽ പ്രളയസാധ്യതയുണ്ടെന്ന് സെബ സർവകലാശാല പുറത്തുവിട്ട പഠനഫലത്തിൽ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്കത്തിന്റെ അപകട സാധ്യതയെ കുറിച്ച് പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകണമെന്നും നിർദേശമുണ്ടായിരുന്നു. 2002 മുതൽ ഈ അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.

ഡാമുകളുടെ നിർമാണത്തെ കുറിച്ചും ശക്തമായ മഴയിൽ അവയെ എങ്ങനെ സുരക്ഷിതമാക്കാം എന്നതിനെ കുറിച്ചുമുള്ള അറിവില്ലായ്മയും അതു തിരുത്തുന്നതിലെ ജാഗ്രതക്കുറവുമാണ് വലിയ ദുരന്തത്തിലേക്കു നയിച്ചതെന്നാണ് യുകെയിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചു പഠിക്കുന്ന പ്രഫ. ലിസ് സ്റ്റീഫൻസ് പറയുന്നത്. വർഷങ്ങൾ നീണ്ട ആഭ്യന്തര കലഹങ്ങളിലൂടെ ഡെർണയുടെ പലഭാഗങ്ങളും തക‍ർന്നിട്ടുണ്ട്. ഐഎസിന്റെയും ലിബിയൻ നാഷനൽ ആർമിയുടെയും അധിനിവേശത്തിലും ചെറുത്തു നിന്ന ഡെർണ ഡാനിയൽ കൊടുങ്കാറ്റിനു മുൻപിൽ തകര്‍ന്നടിഞ്ഞു. 

∙ മരണത്തിന്റെ രൂക്ഷഗന്ധമുള്ള വായു

അക്ഷരാർഥത്തിൽ ശവപ്പറമ്പായി മാറി ലിബിയ. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി ഡെർണയിലേക്ക് കൂടുതൽ സേവനങ്ങൾ ആവശ്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. പതിനായിരത്തിലധികം പേർ മണ്ണിനടിയിൽ അകപ്പെട്ടതായാണ് നിഗമനം. നഗരത്തിന്റെ 25 ശതമാനത്തിലേറെയും നാമാവശേഷമായി. സ്കൂളുകൾ, ക്ലിനിക്കുകൾ, പ്രധാന റോഡുകൾ, ചരിത്രസ്മാരകങ്ങൾ എല്ലാം തകർന്നു. ‘‘ഇവിടെ എല്ലാം തകർന്നു. വിദേശരാജ്യങ്ങൾ സഹായഹസ്തവുമായി ദുരന്തമുഖത്തുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ, നിരത്തുകളെല്ലാം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവ ജീർണിച്ചു തുടങ്ങി. ഇവിടത്തെ കാറ്റിൽ പോലും മരണത്തിന്റെ ഗന്ധമാണ്. വെള്ളപ്പൊക്കത്തിൽ എന്റെ ബന്ധുക്കളെ നഷ്ടമായി. എന്റെ ഭാര്യയുടെ മുഴുവൻ കുടുംബവും ഇല്ലാതായി.’’– പ്രദേശവാസിയായ അലി അൽഗസലി ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന ദുരന്തങ്ങളെപ്പറ്റിയുള്ള വലിയ മുന്നറിയിപ്പാണിതെന്നാണ് ലിബിയൻ പ്രളയദുരന്തത്തെ കുറിച്ച് യുഎൻ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് മേധാവി മാർട്ടിൻ ഗ്രിഫിറ്റ്സ് പറഞ്ഞത്. ‘‘ലിബിയ ഒരു ഓർമപ്പെടുത്തലാണ്. കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാൻ ഭരണകൂടങ്ങൾ എപ്പോഴും തയാറായിരിക്കണം. ലിബിയയിലെ പ്രശ്നങ്ങളെ നേരിടാൻ വിവിധ രാജ്യങ്ങളിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 30,000ൽ അധികം ആളുകൾ ദുരന്തമുഖത്തുണ്ട്. ലിബിയയ്ക്ക് 71 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണ്.’’– അദ്ദേഹം വ്യക്തമാക്കി. 

കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽത്തന്നെ വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. ഇവ നേരിടാനുള്ള മാർഗങ്ങൾ നമ്മളിപ്പോഴും സ്വീകരിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്നത് പ്രവചനാതീതമാണെന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.