ഷംസീര്‍ മന്ത്രി സ്ഥാനത്തേക്ക്, സ്പീക്കറായി വീണാ ജോര്‍ജ്ജ്; മന്ത്രി സഭയില്‍ വന്‍ അഴിച്ചു പണിയെന്ന് സൂചന

0
2628

ഗണേഷ് കുമാര്‍,കടന്നപ്പളളി എന്നിവരും മന്ത്രിമാരായേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍. ഈ മാസം 20ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം. മന്ത്രിസഭാ പുനസംഘടനക്ക് അരങ്ങൊരുങ്ങുന്നതായി സൂചന. വൻ അഴിച്ചു പണിയാണ് നടക്കുകയെന്നാണ് വിവരം. പുതി മന്ത്രിമാരെ ഉൾപെടുത്തുന്നതിനോടൊപ്പം നിലവിലെ മന്ത്രിമാരിൽ ചിലരുടെ വകുപ്പുകളിൽ മാറ്റം വരാനും സാധ്യതയുണ്ട്. വിവാദങ്ങൾക്കിടെ ഗണേഷ് കുമാർ മന്ത്രിയാവുമെന്ന് റിപ്പോർട്ടുണ്ട്.

ഷംസീറിനെ മാറ്റുന്ന വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യത.

വനംവകുപ്പാണ് ഗണേഷ് കുമാറിന് നൽകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷംസീർ മന്ത്രിയാവുമെന്നും വീണാ ജോർജ്ജ് സ്പീക്കറാവുമെന്നും സൂചനയുണ്ട്. ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. ഗതാഗതം എ.കെ ശശീന്ദ്രന് നൽകുമെന്നും സൂചനയുണ്ട്. ആന്റണി രാജുവും അഹമദ് ദേവർ കോവിലും ഒഴിയും.

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്. ഏക എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. മുന്നണി യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് എല്‍ജെഡി നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.

അതേസമയം, നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ മൗനം പാലിച്ച് സ്പീക്കർ എ.എൻ.ഷംസീർ. മന്ത്രിസഭയിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് തുടർ ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും, തനിക്ക് ഒന്നുമറിയില്ലെന്നു വ്യക്തമാക്കി അദ്ദേഹം ഒഴിഞ്ഞുമാറി.

‘അതേക്കുറിച്ച് എനിക്കും അറിയില്ല. നിങ്ങളെപ്പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ എനിക്കുമുള്ളൂ. സോറി. ഗസ്റ്റ് ഹൗസിൽനിന്ന് ടിവിയിൽ കണ്ടാണ് ഞാനും അറിഞ്ഞത്’’ – ഇതായിരുന്നു ഷംസീറിന്റെ മറുപടി.

മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടല്ലോ എന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും, ‘നോ കമന്റ്സ്’ എന്ന പ്രതികരണത്തിൽ അദ്ദേഹം മറുപടി ഒതുക്കി. ആന്റണി രാജു ഉൾപ്പെടെയുള്ളവർ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രതികരിച്ചല്ലോ എന്നു ചോദിച്ചെങ്കിലും, ഷംസീർ പ്രതികരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.

നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ ഷംസീറിനെ മന്ത്രിസഭയിലേക്കു പരിഗണിക്കുന്നുവെന്ന സൂചനകൾ ശക്തമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്കു മാറ്റി ഷംസീറിന് ആരോഗ്യ വകുപ്പ് നൽകാനാണ് നീക്കമെന്നാണു വിവരം. അതേസമയം, ഇത്തരം കാര്യങ്ങളൊന്നും മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും പ്രതികരിച്ചിരുന്നു.