സംഭവം നിസാരമെന്ന് തോന്നാം; പക്ഷെ ഇത് സഊദിയിൽ ഗുരുതരം, പിഴ 1.1 കോടിരൂപ

0
3093

റിയാദ്: അറേബ്യൻ കുതിരകളെ സംരക്ഷിക്കാൻ സഊദി അറേബ്യ നിയമം കർക്കശമാക്കി. മൃഗങ്ങളുടെ മികച്ച ഇനങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറത്തിറക്കിയ ചട്ടങ്ങളിലാണ് അറേബ്യൻ കുതിരകളെ ഉൾപ്പെടുത്തിയത്. ലൈസൻസില്ലാതെ കുതിരകളെ ലേലം ചെയ്താൽ സൗദി അധികൃതർ 5,00,000 റിയാൽ വരെ (1,10,80,919 രൂപ) പിഴ ചുമത്തും.

നിയമവിരുദ്ധമായ ഓൺലൈൻ ലേലത്തിന് 1,00,000 റിയാലാണ് പിഴ. കുതിരയോട്ട മത്സരം സംഘടിപ്പിക്കുന്നവർ വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് പരമാവധി 5,00,000 റിയാൽ പിഴ ചുമത്തും. മത്സരങ്ങൾ സംഘടിപ്പിക്കുന്ന സമയത്ത് കുതിരകളുടെ സംരക്ഷണത്തിന് ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ 3,00,000 റിയാൽ പിഴയായി ഈടാക്കും.

അറേബ്യൻ കുതിരകളെ സംരക്ഷിക്കുന്നതിന് റിയാദിൽ കിങ് അബ്ദുൽ അസീസ് അറേബ്യൻ ഹോഴ്സ് സെന്റർ പ്രവർത്തിച്ചുവരുന്നുണ്ട്. സഊദി അറേബ്യയുടെ സ്ഥാപകന്റെ പേരിലുള്ള സെന്ററിന്റെ പ്രവർത്തനങ്ങൾ സഊദി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. 1961-ലാണ് കേന്ദ്രം സ്ഥാപിതമായത്. റിയാദിൽനിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള കാർഷിക പ്രദേശമായ ദിറാബിൽ 10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അറേബ്യൻ ഹോഴ്സ് സെന്റർ പ്രവർത്തിക്കുന്നത്.

അറേബ്യൻ കുതിരകളുടെ പൈതൃകം സംരക്ഷിക്കുന്നതിനും പ്രജനനം മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം സ്ഥാപിച്ചത്. പണ്ടുകാലത്ത് മരുഭൂമിയിൽ വളർത്തിയിരുന്ന അറേബ്യൻ കുതിരകളുടെ തനത് വംശത്തെ ഇപ്പോഴും ഇവിടെ സംരക്ഷിച്ചുവരുന്നു.