ലോകത്ത് പ്രതിവർഷം എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം പേർ പ്രതിവർഷം ജീവനൊടുക്കുന്നു. മാനസികാരോഗ്യ സംരക്ഷണത്തെപ്പറ്റി ജനതയിൽ അവബോധം സൃഷ്ടിച്ചാൽ തന്നെ ആത്മഹത്യ വലിയൊരു പരിധി വരെ ഒഴിവാക്കാനാകും.
ആത്മഹത്യ ഭീരുത്വമാണെന്ന് വിശേഷിപ്പിക്കുന്നവരായിരുന്നു ഏണസ്റ്റ് ഹെമിങ്വേയുടെ ‘ഫോർ ഹൂം ദ ബെൽ ടോൾസ് ‘ അഥവാ ‘മണിമുഴങ്ങുന്നതാർക്കു വേണ്ടി’ എന്ന നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ. നോബേൽ പുരസ്കാരവും പുലിസ്റ്റർ സമ്മാനവുമടക്കം നേടിയ അതിപ്രശസ്തനായ ഈ എഴുത്തുകാരൻ പക്ഷേ തന്റെ അറുപത്തിയൊന്നാം വയസ്സിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
ആത്മഹത്യ അങ്ങനെയാണ്. ആത്മഹത്യയ്ക്കെതിരെ നിലകൊള്ളുന്നവരെപ്പോലും ചിലപ്പോഴത് കീഴ്പ്പെടുത്തിക്കളയും. ഏകാന്തത കൂടുതലായി വേട്ടയാടാൻ തുടങ്ങുമ്പോൾ, ജീവിതം ഒരു തരത്തിലും മുന്നോട്ടുപോകില്ലെന്ന് ധരിക്കുമ്പോൾ, നൈരാശ്യതയിൽപ്പെട്ടുഴലുമ്പോൾ അവസാന ആശ്രയമെന്നോണമാണ് പലരും ആത്മഹത്യയിൽ അഭയം തേടുന്നത്. കുടുംബസംഘർഷങ്ങളും പ്രണയപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നു.




