ബഹിരാകാശത്ത് ഒരു പുസ്തകപ്രകാശനം

0
758

ദുബായ്: ബഹിരാകാശത്ത് ഒരു പുസ്തകപ്രകാശനം. അതും ലോകത്ത് ആദ്യമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ഏറ്റവും പുതിയ കുട്ടികളുടെ പുസ്തകമായ ദ് ജേർണി ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസിന്റെ പ്രകാശനമാണ് ലോകശ്രദ്ധ നേടിക്കൊണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പ്രകാശനം ചെയ്തത്.

ഭ്രമണപഥ ലബോറട്ടറിയിൽ തന്റെ ചരിത്രപരമായ ആറ് മാസത്തെ ദൗത്യം അവസാനിപ്പിക്കുന്നതിന് മുൻപായാണ് സുൽത്താൻ അൽ നെയാദി പുസ്തകം പരിചയപ്പെടുത്തിയത്. ഇൗ മാസം 18നകം ഇൗ പുസ്തകം പുസ്തകശാലകളിൽ ലഭ്യമാകും. ദുബായിലെ മരുഭൂമിയിൽ നിന്ന് പുസ്തകത്തിന്റെ ഇ-പകർപ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (െഎഎസ്എസ്) എത്തിക്കുകയായിരുന്നു.

പ്രകാശനം ചെയ്തു പുസ്തകം പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ അൽ നെയാദി എക്സി-ൽ പങ്കിട്ടു.  നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ അസാധ്യമായ കാര്യങ്ങളോടുള്ള സ്നേഹവും നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയും വളർത്തിയെടുക്കുന്ന ഒരു അത്ഭുതകരമായ പുസ്തകമാണിതെന്ന ഹൃദയസ്പർശിയായ വാക്കുകളും  അൽ നെയാദി പോസ്റ്റിൽ കുറിച്ചു.

രാജ്യത്തിന്റെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അഭിലാഷത്താൽ നയിക്കപ്പെടുന്ന 1971 മുതലുള്ള യുഎഇയുടെ ഇതിഹാസ യാത്ര വിവരിക്കുന്ന അഞ്ച് കഥകളാണ് ഷെയ്ഖ് മുഹമ്മദിന്റെ ഇൗ പുസ്തകത്തിലുള്ളത്.

യുഎഇയിലെയും ലോകമെമ്പാടുമുള്ള കുട്ടികളുടെയും ആകർഷകമായ ശൈലിയിൽ വിവരിച്ചതുപോലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചെറുപ്പത്തിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ ഇതിൽ അടങ്ങിയിരിക്കുന്നുവെന്ന്  അൽ നെയാദി പറഞ്ഞു.

ഷെയ്ഖ് സായിദിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് സംഭാവന ചെയ്യുന്നവരുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ഓർബിറ്റൽ ലബോറട്ടറിയുടെ 360-ഡിഗ്രി വ്യൂ ബേ വിൻഡോയ്ക്കുള്ളിൽ പൊങ്ങിക്കിടന്നുകൊണ്ടാണ് അൽ നെയാദി പുസ്തകത്തിന്റെ ഇ-പകർപ്പ് കവർ പ്രദർശിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്തിയത്.