ജിദ്ദ: ഫ്‌ളൈ നാസ് ഈ മാസം ഒന്നു മുതൽ ജിദ്ദ-ബഗ്ദാദ് സർവീസ് പുനരാരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് ജിദ്ദക്കും ബഗ്ദാദിനുമിടയിൽ കമ്പനി നടത്തുന്നത്.
എയർ കണക്ടിവിറ്റി പ്രോഗ്രാമുമായി സഹകരിച്ചാണ് ജിദ്ദ-ബഗ്ദാദ് സർവീസ് ഫ്‌ളൈ നാസ് പുനരാരംഭിച്ചത്. കൂടുതൽ വിദേശ നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് സർവീസുകൾ വ്യാപിപ്പിച്ചുവരികയാണ്.
ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം ആരംഭിച്ചതാണ് ജിദ്ദ-ബഗ്ദാദ് സർവീസ്. സൗദി അറേബ്യക്കും ഇറാഖിനുമിടയിലെ പുതിയ ഡയറക്ട് സർവീസ് ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും.
സൗദിയിലേക്കുള്ള വിനോദ സഞ്ചാരികളുടെയും വ്യവസായികളുടെയും തീർഥാടകരുടെയും വരവ് എളുപ്പമാക്കാൻ എയർ കണക്ടിവിറ്റി പ്രോഗ്രാമുമായുള്ള പങ്കാളിത്തത്തിലൂടെ നിരവധി വിദേശ നഗരങ്ങളിലേക്ക് സമീപ കാലത്ത് ഫ്‌ളൈ നാസ് ഡയറക്ട് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
29 വർഷത്തെ ഇടവേളക്കു ശേഷം സൗദി അറേബ്യക്കും ഇറാഖിനുമിടയിൽ ആദ്യമായി സർവീസ് പുനരാരംഭിച്ച സൗദി വിമാന കമ്പനിയാണ് ഫ്‌ളൈ നാസ്. 2017 ൽ ആണ് ഫ്‌ളൈ നാസ് ഇറാഖ് സർവീസുകൾ പുനരാരംഭിച്ചത്.




