അനധികൃത ലഹരി വസ്തുക്കളുടെ കച്ചവടവും ഉപയോഗവുമാണ് ഇത്തവണ നാടുകടത്തപ്പെടുന്നവരുടെ എണ്ണം കൂട്ടിയതെന്നും സൂചന
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നാടുകടത്തപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ഏഴര മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ 25,000ത്തിലേറെ പേരെയാണ് നാടുകടത്തിയത്. ഇതിൽ 10,000 പേർ വനിതകളാണ്. ദിവസേന ശരാശരി നൂറിലേറെ നാടുകടത്തുന്നു.
താമസ കുടിയേറ്റ വകുപ്പാണ് ഏറ്റവും കുടുതൽ പേരെ നാടുകടത്താൻ അഭ്യർഥിച്ചത്. അനധികൃത ലഹരി വസ്തുക്കളുടെ കച്ചവടവും ഉപയോഗവുമാണ് ഇത്തവണ നാടുകടത്തപ്പെടുന്നവരുടെ എണ്ണം കൂട്ടിയതെന്നും സൂചനയുണ്ട്.
താമസ കുടിയേറ്റ നിയമം ലംഘിച്ചവർ, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, തൊഴിൽനിയമം ലംഘിച്ചവർ, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം തുടങ്ങിയ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ടവരെ ശിക്ഷയ്ക്കു ശേഷം നാടുകടത്തുകയാണ് പതിവ്. നിയമലംഘകരില്ലാത്ത രാജ്യമെന്ന ലക്ഷ്യത്തിനായി പരിശോധനയും നാടുകടത്തലും ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് സൂചിപ്പിച്ചു.
കുവൈത്തിൽ ഒളിവിലുള്ള ഒരു ലക്ഷം നിയമലംഘകരെ പിടികൂടാൻ പരിശോധന ഊർജിതമാക്കി. വർഷാവസാനത്തോടെ 40,000 പേരെയെങ്കിലും പിടികൂടി നാടുകടത്താമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി അതിർത്തി സുരക്ഷ കർശനമാക്കി. പ്രവേശന കവാടങ്ങളിൽ പഴുതടച്ച പരിശോധനയ്ക്കും നിർദേശം നൽകി. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്ന കമ്പനിക്കും സ്പോൺസർക്കും പിഴ ചുമത്തും.




