നിയമസഭാ സീറ്റ് നൽകിയില്ല; പൊട്ടിക്കരഞ്ഞ് തെലങ്കാന മുൻ ഉപമുഖ്യമന്ത്രി – വിഡിയോ

0
1719

ഹൈദരാബാദ്: ഈ വർഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് തെലങ്കാന മുൻ ഉപമുഖ്യമന്ത്രി ടി.രാജയ്യ. 2009 മുതൽ സ്റ്റേഷൻ ഘാൻപുർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജയ്യ, നിലവിൽ സിറ്റിങ് എംഎൽഎയാണ്.

തെലങ്കാനയിൽ ബിആർഎസ് സ്ഥാനാർഥികളായി
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു (കെസിആർ) ഇത്തവണ രാജയ്യയെ ഒഴിവാക്കി പകരം മുതിർന്ന നേതാവായ കഡിയം ശ്രീഹരിയെ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ലൈംഗികാരോപണം കണക്കിലെടുത്താണ് രാജയ്യയ്ക്ക് ടിക്കറ്റ് നിഷേധിച്ചതെന്നാണ് സൂചന.

സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജയ്യ കരയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്റ്റേഷൻ ഘാൻപുർ മണ്ഡലത്തിലെ ഡോ. ബി.ആർ.അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിൽ മുട്ടുകുത്തി കരയുന്നത് വിഡിയോയിൽ കാണാം. പാർട്ടിയോട് വിശ്വസ്തനായിരിക്കുമെന്ന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത രാജയ്യ പറഞ്ഞു.

2014ലെ കെസിആർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ രാജയ്യയ്ക്ക് ആരോഗ്യ വകുപ്പിന്റെ ചുമതലയും നൽകിയിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പിലെ അഴിമതി ആരോപണത്തെ തുടർന്ന് 2015ൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. എന്നിരുന്നാലും, 2018ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് അതേ മണ്ഡലത്തിൽ നിന്ന് പാർട്ടി ടിക്കറ്റ് നൽകി.