ഇന്ത്യയുടെ 77ാമത്​ സ്വാതന്ത്ര്യദിന ആഘോഷം റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നു

0
1181

റിയാദ്​: സ്വാതന്ത്ര്യദിന ആഘോഷം
റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നു.
അംബാസിഡർ ഡോ. സുഹേൽ അജാസ്​ ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക്​ തുടക്കമായി. പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത്ത്​ രാഷ്​ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്​ഥരും മാധ്യമപ്രവർത്തകരും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പ​ങ്കെടുത്തു.

രാഷ്​ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശം അദ്ദേഹം ചടങ്ങിൽ വായിച്ചു. തുടർന്ന്​ സദസിനെ അഭിസംബോധന ചെയ്​ത അംബാസിഡർ ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്നതിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തി​ന്റെ നൂറാം വാർഷികം തികയുന്ന 2047 വരെ നീളുന്ന ശതാബ്​ദി ആഘോഷമായ ‘അമൃത്​ കാൽ’ പരിപാടിയെയും കുറിച്ച്​ വിശദീകരിച്ചു.

തുടർന്ന് പ്രവാസികലാകാരന്മാർ പ​ങ്കെടുത്ത സാംസ്​കാരിക പരിപാടികൾ അരങ്ങേറി. ഫോ​ട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി എംബസി സംഘടിപ്പിച്ച ഓൺലൈൻ ഫ്രീഡം ക്വിസ്​ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

2021 മാർച്ച് 12-ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തി​ന്റെ 75-ാം വാർഷിക സ്​മരണയായ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും​ കൊണ്ടാടി.
ഈ ആഘോഷങ്ങളുടെ ഭാഗമായി എംബസി അസംഖ്യം കലാസാംസ്​കാരിക വൈജ്ഞാനിക കായിക വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. നിരവധി സാംസ്​കാരിക പരിപാടികൾ, ചലച്ചിത്രോത്സവങ്ങൾ, ഗോൾഫ്​ ടൂർണമെന്റ്, പ്രഭാഷണ പരമ്പര, യോഗ പരിപാടി, പലവിധ പ്രദർശന മേളകൾ തുടങ്ങിയവയാണ്​ ഈ ആഘോഷ വർഷത്തിലെ വിവിധ കാലയളവുകളിലായി അരങ്ങേറിയത്​. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തി​ന്റെ പ്ലാറ്റിനം ജൂബിലിയും യാദൃശ്ചികമായി ഇതേ കാലയളവിൽ തന്നെ ആയത്​ ആഘോഷത്തിന്​ പൊലിമ​യേറ്റി.