റിയാദ്: സ്വാതന്ത്ര്യദിന ആഘോഷം
റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നു.
അംബാസിഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത്ത് രാഷ്ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശം അദ്ദേഹം ചടങ്ങിൽ വായിച്ചു. തുടർന്ന് സദസിനെ അഭിസംബോധന ചെയ്ത അംബാസിഡർ ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്നതിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം തികയുന്ന 2047 വരെ നീളുന്ന ശതാബ്ദി ആഘോഷമായ ‘അമൃത് കാൽ’ പരിപാടിയെയും കുറിച്ച് വിശദീകരിച്ചു.
തുടർന്ന് പ്രവാസികലാകാരന്മാർ പങ്കെടുത്ത സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഫോട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി എംബസി സംഘടിപ്പിച്ച ഓൺലൈൻ ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
2021 മാർച്ച് 12-ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണയായ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും കൊണ്ടാടി.
ഈ ആഘോഷങ്ങളുടെ ഭാഗമായി എംബസി അസംഖ്യം കലാസാംസ്കാരിക വൈജ്ഞാനിക കായിക വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. നിരവധി സാംസ്കാരിക പരിപാടികൾ, ചലച്ചിത്രോത്സവങ്ങൾ, ഗോൾഫ് ടൂർണമെന്റ്, പ്രഭാഷണ പരമ്പര, യോഗ പരിപാടി, പലവിധ പ്രദർശന മേളകൾ തുടങ്ങിയവയാണ് ഈ ആഘോഷ വർഷത്തിലെ വിവിധ കാലയളവുകളിലായി അരങ്ങേറിയത്. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും യാദൃശ്ചികമായി ഇതേ കാലയളവിൽ തന്നെ ആയത് ആഘോഷത്തിന് പൊലിമയേറ്റി.