റിയാദ്: സഊദിയിൽ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തുവിട്ട ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 350,000 സ്ത്രീകളാണ് സൗദിയില്‍ വിവാഹമോചനം നേടിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ മോചനം നേടിയവരില്‍ 30-34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതല്‍. ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി.
2022 ല്‍ 203,469 സ്ത്രീകള്‍ വിധവകളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി സര്‍വേകള്‍, രജിസ്ട്രി ഡാറ്റ, 2022ലെ സെന്‍സസ് ഫലങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്.
15-19, 20-24 എന്നീ പ്രായപരിധിയിലുള്ളവരാണ് സ്ത്രീകളുടെ ജനസംഖ്യയില്‍ കൂടുതല്‍. 916,439, 850,780 എന്നിങ്ങനെയാണ് യഥാക്രമം ഈ പ്രായത്തിലുള്ളവരുടെ ജനസംഖ്യ.