ദുബൈ: അവധി തീരും മുൻപ് തിരിച്ചെത്താൻ വഴി തെളിയുന്നില്ല. വിമാനനിരക്ക് വർധിച്ചതോടെ മടക്ക യാത്ര പല തവണ നീട്ടി പ്രവാസികൾ. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് (22000 രൂപ) കേരളത്തിൽ നിന്നുള്ള നിരക്ക്. 4 പേരടങ്ങുന്നുന്ന കുടുംബത്തിനു മടങ്ങിയെത്താൻ ചുരുങ്ങിയത് 5000 ദിർഹമെങ്കിലും വേണം (1.12 ലക്ഷം രൂപ). നേരിട്ടല്ലാത്ത വിമാനങ്ങളിലും നിരക്കിൽ വലിയ മാറ്റമില്ല. അധിക നിരക്ക് നൽകുന്നതിനൊപ്പം 24 മണിക്കൂറിലധികം യാത്രയ്ക്കും നഷ്ടമാകും.
കൊച്ചി –അബുദാബിയാണ് അൽപമെങ്കിലും ആശ്വാസ നിരക്ക് നൽകിയിരുന്ന റൂട്ട്. ഈ മാസം 17ന് ഇവിടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 1196 ദിർഹമാണ് (ഏകദേശം 27000 രൂപ). എയർ അറേബ്യയിലാണ് ഈ നിരക്ക്. ബജറ്റ് എയൽലൈനുകളായ സ്പൈസ് ജെറ്റിലും എയർ ഇന്ത്യ എക്സ്പ്രസിലും 17ന് കുറഞ്ഞ നിരക്ക് 1306, 1386 എന്നിങ്ങനെയാണ് (ഏകദേശം 30000 രൂപ).
ഈ മാസം 17നു കോഴിക്കോട്ട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിലേക്ക് സർവീസ് നടത്തുന്നത് 1250 ദിർഹത്തിനാണ് (28000 രൂപ). തിരുവനന്തപുരം– ദുബായ് ഏറ്റവും കുറഞ്ഞ നിരക്ക് 1333 ദിർഹമാണ്. (ഏകദേശം 30000 രൂപ). കൊച്ചി– ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ് 1250 ദിർഹമാണ് ഈടാക്കുന്നത്.
സാധാരണ ഓഗസ്റ്റ് പകുതിയാകുമ്പോഴേക്കും കേരളത്തിൽ നിന്നുള്ള നിരക്ക് കുറയേണ്ടതാണെങ്കിലും ഓണം കാരണം അൽപം പോലും താഴാതെ തുടരുകയാണെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. പ്രവാസികളുടെ മധ്യവേനൽ അവധി ഓഗസ്റ്റ് പകുതിയിൽ കഴിയുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയും.
ഇത്തവണ ഓണം ഓഗസ്റ്റിൽ തന്നെ വന്നതോടെ പലരും നാട്ടിൽ തന്നെ കൂടി. അവധി നീട്ടിയെടുത്ത് ഓണം ആഘോഷിച്ചു മടങ്ങാമെന്ന തീരുമാനിത്തിലാണ് പലരും. കോവിഡിനു ശേഷം ഇത്രയധികം ആളുകൾ ഒരുമിച്ചു നാട്ടിലേക്കു പോകുന്നതും ആദ്യമാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
തിരുവനന്തപുരത്ത് നിന്നു മസ്കത്ത് വഴി ഫുജൈറയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു മുംബൈ വഴി റാസൽഖൈമയിലേക്കുമുള്ള വിമാന സർവീസിനും ആളുകൾ ബുക്ക് ചെയ്യുന്നുണ്ട്. ബുക്കിങ് കൂടിയതോടെ ടിക്കറ്റ് നിരക്ക് 1100 – 1250 ദിർഹത്തിലെത്തി. 31ന് കൊച്ചിയിൽ നിന്നു മസ്കത്ത് വഴി 12 മണിക്കൂറു കൊണ്ടു ദുബായിൽ എത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 970 ദിർഹം.