ബഹിരാകാശത്ത് 7 മണിക്കൂർ നടത്തം, 200 പരീക്ഷണങ്ങൾ; സുൽത്താൻ അൽ നെയാദി അടുത്ത മാസം ഭൂമിയിലേക്കു മടങ്ങും

0
1379

ദുബായ്: ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി അടുത്ത മാസം സുൽത്താൻ അൽ നെയാദി ഭൂമിയിലേക്കു മടങ്ങും. തിരിച്ചെത്തുന്ന ദിവസം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 3ന് 5 മാസം പൂർത്തിയാക്കും. ഓഗസ്റ്റ് അവസാന വാരമോ സെപ്റ്റംബർ ആദ്യമോ ആയിരിക്കും മടക്കയാത്രയെന്നാണ് സൂചന.

ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം ഇതിനകം സുൽത്താൻ സ്വന്തമാക്കി. മാർച്ച് 3ന് ആണ് സുൽത്താൻ ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നതിന്റെ ചരിത്രവും സുൽത്താന്റെ പേരിലെഴുതി. ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ അറബ് വംശജനാണ് സുൽത്താൻ. 

ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പ്രവൃത്തിയും പുതിയ സൗരോർജ പാനൽ സ്ഥാപിക്കലും നടത്തത്തിനിടെ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് അതിമനോഹര ചിത്രങ്ങളാണ് ഓരോ ദിവസവും സുൽത്താൻ പങ്കുവയ്ക്കുന്നത്. ഇതിനകം യുഎഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാർഥികളുമായും അദ്ദേഹം ആശയ വിനിമയം നടത്തി.

നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം 200 പരീക്ഷണങ്ങളിൽ സുൽത്താൻ പങ്കാളിയായി. യുഎഇ സർവകലാശാലകൾക്കു വേണ്ടി 19 പരീക്ഷണങ്ങൾ വേറെയും നടത്തുന്നുണ്ട്. ഗുരുത്വാകർഷണം കുറ‍ഞ്ഞ സാഹചര്യത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം എങ്ങനെയെന്നതായിരുന്നു പ്രധാന പരീക്ഷണം. ഹൃദ്രോഗ ചികിത്സാ രംഗത്ത് പരീക്ഷണം ഗുണം ചെയ്യും.

ഇതിനിടെ സൗദിയുടെ ആദ്യ വനിതാ സഞ്ചാരി ബർവാനിയെ ബഹിരാകാശ നിലയത്തിൽ സ്വീകരിക്കാനുള്ള അവസരവും ലഭിച്ചു. ഹസ്സാ അൽ മൻസൂരിയാണ് ആദ്യമായി ബഹിരാകാശ നിലയത്തിൽ എത്തിയ യുഎഇ പൗരൻ.