റിയാദ്: സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ കത്തിച്ചു. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലാണ് ഖുര്‍ആന്‍ കത്തിക്കുകയും അവഹേളിക്കുകയും ചെയ്തത്. സംഭവത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ രംഗത്തെത്തി.
ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കുന്ന സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ സഊദി ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സഊദിയിലെ സ്വീഡിഷ് എംബസിയുടെ ഷര്‍ഷെ ദഫേയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി.
ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ മുസ്‌ലിം വേള്‍ഡ് ലീഗും ശക്തമായ ഭാഷയില്‍ അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളെയും തത്വങ്ങളെയും ലംഘിക്കുന്ന അസംബന്ധവും ഹീനവുമായ പ്രവൃത്തികളെ അപലപിക്കുന്നതായി മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.
സ്വീഡനിൽ ഖുറാൻ വിരുദ്ധ പ്രതിഷേധത്തിനിടെ, ഖുർആൻ കത്തിക്കാനിടയായ സംഭവത്തിൽ കടുത്ത പ്രതികരണവുമായി തുർക്കിയും രംഗത്തെത്തി. ഇത്തരം പ്രതിഷേധങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പേരിട്ട് വിളിക്കാനാവില്ലെന്ന് പ്രസിഡന്റ് ത്വയ്യിബ് റജബ് ഉറുദുഗാൻ വിലയിരുത്തി. ഖുർആൻ വിരുദ്ധ പ്രതിഷേധത്തിന് അനുമതി നൽകിയ സ്വീഡൻ പൊലീസ് നടപടിക്ക് രൂക്ഷമായ വിമര്‍ശനമാണ് ത്വയ്യിബ് റജബ് ഉറുദുഗാൻ നടത്തിയത്.
ധിക്കാര സ്വഭാവം കാണിക്കുന്ന പാശ്ചാത്യരെ മുസ്‌ലിം വിശ്വാസികളുടെ വിശുദ്ധ വസ്തുക്കള്‍ അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് പഠിപ്പിക്കുമെന്ന് പാര്‍ട്ടി അംഗങ്ങളോട് സംസാരിക്കുന്നതിനിടെ ത്വയ്യിബ് റജബ് ഉറുദുഗാൻ വിശദമാക്കിയിരുന്നു. ശക്തമായ രീതിയില്‍ ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും ത്വയ്യിബ് റജബ് ഉറുദുഗാൻ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഖുർആൻ കത്തിച്ചതിന് പിന്നാലെ പ്രതിഷേധം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാറ്റോയിലേക്കുള്ള സ്വീഡന്റെ പ്രവേശനത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടാന്‍ സ്വീഡനില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ കാരണമാകുമെന്നാണ് അന്താരാഷ്ട സമൂഹം വിലയിരുത്തുന്നത്.
ഡാനിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഹാർഡ് ലൈൻ നേതാവ് റാസ്മസ് പലുദാൻ കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് സമീപം ഖുർആൻ കത്തിച്ചിരുന്നു. ഇതോടെ നാറ്റോ അപേക്ഷയിൽ സ്വീഡനുമായുള്ള ചര്‍ച്ചകള്‍ തുര്‍ക്കി നിര്‍ത്തിവെച്ചിരുന്നു. കൂടാതെ, അങ്കാറയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും സ്വീഡിഷ് എംബസിക്ക് പുറത്ത് സ്വീഡിഷ് പതാക കത്തിക്കുകയും ചെയ്തിരുന്നു. സഊദി അറേബ്യ, ജോർദാൻ, കുവൈത്ത് തുടങ്ങി നിരവധി അറബ് രാജ്യങ്ങളും ഖുർആൻ കത്തിച്ച സംഭവത്തെ അപലപിച്ചിരുന്നു.




