റോഡപകടങ്ങളിൽ 15% വർധന; കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത് 343 പേർ

0
1032

ദുബൈ: റോഡപകടങ്ങളുടെയും പരുക്കേറ്റവരുടെയും എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുത്തനെ കുറഞ്ഞതായി യു എ ഇ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത് 343 പേരാണ്. 2021ൽ 381 പേരാണ് മരിച്ചത്. മരണനിരക്കിൽ 10 ശതമാനം കുറവുണ്ടായി. കഴിഞ്ഞ 15 വർഷത്തെ കണക്കെടുക്കുമ്പോൾ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

2008ൽ റോഡപകടങ്ങളിൽ 1072 പേരാണ് മരിച്ചത്. എന്നാൽ അപകടങ്ങളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. കഴിഞ്ഞ വർഷം 5045 അപകടങ്ങളുണ്ടായി. 2021ൽ 4377 ആയിരുന്നു. മൊത്തം 15% വർധന. ഇതിൽ ഗുരുതര അപകടങ്ങളുടെ എണ്ണവും വർധിച്ചു. 3945 വലിയ അപകടങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. മുൻവർഷം ഇത് 3,488 ആയിരുന്നു.

അപകടത്തിൽ മരിക്കുന്നവരിലും പരുക്കേൽക്കുന്നവരിലും കൂടുതൽ 30 വയസ്സിൽ താഴെയുള്ളവരാണ്. മരിച്ചവരിൽ 41 ശതമാനവും പരുക്കേറ്റവരിൽ 53 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. അശ്രദ്ധമായ ഡ്രൈവിങ്, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കൽ, വേണ്ടത്ര അകലമില്ലാതെ മറ്റു വാഹനങ്ങളുടെ പിന്നാലെ പോകുന്നത്, ലഹരി ഉപയോഗിച്ച ശേഷമുള്ള ഡ്രൈവിങ്, റോഡ് നിയമലംഘനം എന്നിവയാണ് അപകടങ്ങൾക്കു കാരണമെന്നു മന്ത്രാലയം കണക്കിൽ പറയുന്നു.

മരണനിരക്ക് കുറയുന്നത് ആശ്വാസകരമാണെങ്കിൽ അപകടങ്ങൾ വർധിക്കുന്നത് ശുഭസൂചനയല്ല. എല്ലാ ഡ്രൈവർമാരും റോഡ് സുരക്ഷയിൽ കൂടുതൽ ജാഗ്രത കാണിക്കണം. റോഡ് മര്യാദകൾ കിൻഡർ ഗാർട്ടൻ മുതൽ കുട്ടികൾക്ക് ശീലമാക്കുകയാണ് അപകടങ്ങൾ കുറയ്ക്കാനുള്ള ഫലപ്രദമായ വഴിയെന്ന് വിദഗ്ധർ പറയുന്നു.

ഓരോ എമിറേറ്റിലുമുണ്ടായ അപകടങ്ങൾ

∙ അബുദാബി: 127 മരണം, 1756 പരുക്ക്

∙ ദുബായ്: 120 മരണം 2161 പരുക്ക്

∙ റാസൽഖൈമ: 34 മരണം, 411 പരുക്ക്

∙ ഷാർജ: 33 മരണം, 320 പരുക്ക്

∙ അജമാൻ: 13 മരണം, 166 പരുക്ക്

∙ ഉമ്മുൽഖുവൈൻ: 12 മരണം, 46 പരുക്ക്

∙ ഫുജൈറ: 4 മരണം, 185 പരുക്ക്

മരണനിരക്ക് ഫുജൈറയിലും പരുക്ക് ഉമ്മുൽഖുവൈനിലുമാണ് ഏറ്റവും കുറവ്. കാറുകൾ ഉൾപ്പടെയുള്ള ലൈറ്റ് വെഹിക്കിൾ ഉൾപ്പെട്ടതാണ് 66% അപകടവും. ബൈക്കുകൾ 16% ,ബസുകൾ  7%, വലിയ ചരക്ക് വാഹനം 5% എന്നിങ്ങനെയാണ് കണക്ക്.