കൊച്ചി: ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതികൾ.
ഇന്നലെ വൈകിട്ട് ഫെയ്സ്ബുക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസമൊക്കെ? നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം.
വിവാദ വിഡിയോ പിൻവലിച്ചെങ്കിലും താരത്തിന്‍റെ ഫെയ്സ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്കു താഴെ വൻ പ്രതിഷേധമാണ് ഉയരുന്നത്. വിനായകൻ ഈ വിഷയത്തിൽ പിന്നീട് പ്രതികരിച്ചിട്ടില്ല.