പ്രവാസികളെ ചേര്‍ത്തുപിടിച്ച് ശൈഖ് മുഹമ്മദിന്റെ സെല്‍ഫി; വൈറല്‍ വീഡിയോ, പ്രശംസിച്ച് സോഷ്യല്‍ മീഡിയ

0
1760

അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവും നല്ലൊരു മനുഷ്യനുമാണെന്ന് അടിവരയിടുകയാണ് ഈ വീഡിയോ

അബുദാബി: മനുഷ്യത്വത്തിന്റെയും എളിമയുടെയും സന്ദേശം തന്റെ പ്രവൃത്തികളിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഭരണാധികാരിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പല അവസരങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവും നല്ലൊരു മനുഷ്യനുമാണെന്ന് അടിവരയിടുകയാണ് ഈ വീഡിയോ.

യുഎഇ പൗരനായ മുഹമ്മദ് അല്‍ കത്തീരിയുടെ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയതാണ് ശൈഖ് മുഹമ്മദ്. സന്ദര്‍ശനത്തിന് ശേഷം മടങ്ങാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുന്നത്. രണ്ട് പ്രവാസികള്‍ ശൈഖ് മുഹമ്മദിനൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച് നില്‍ക്കുന്നു. അടുത്തേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്ന ഏഷ്യക്കാരായ പ്രവാസി യുവാക്കളെ കണ്ട ശൈഖ് മുഹമ്മദ് കാറില്‍ കയറാതെ നടന്നുവരികയും പ്രവാസികളെ അടുത്തേക്ക് വിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

തുടര്‍ന്ന് തന്റെ അടുത്തേക്ക് വന്ന പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി യുഎഇ പ്രസിഡന്റ് സെല്‍ഫിയെടുത്തു. തന്റെ അടുത്തു നിന്ന പ്രവാസി യുവാവിന്റെ തോളില്‍ കയ്യിട്ട് മധുരമായി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ശൈഖ് മുഹമ്മദിനെ വീഡിയോയില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശൈഖ് മുഹമ്മദിന്റെ പ്രവൃത്തിയെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.