കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടം ചെയ്യും. മുസ്‍ലിം ക്രിസ്ത്യന്‍ ദലിത് സംഘടാ നേതാക്കള്‍ സെമിനാറിന്‍റെ ഭാഗമാകും. സെമിനാർ പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങി വിവാദങ്ങള്‍ ഇപ്പോഴും സജീവമാണ്.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് ഇന്ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാർ. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 15,000 പേര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടല്‍. സെമിനാറില്‍ എല്‍.ഡി.എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം.വി ഗോവിന്ദന്‍ മാസ്റ്റർ, എളമരം കരീം ഇ. കെ വിജയന്‍, ജോസ് കെ, മാണി, ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
കാന്തപുരം സുന്നികളെ പ്രതിനിധീകരിച്ച് സി.മുഹമ്മദ് ഫൈസി, എന്‍.അലി അബ്ദുല്ല എന്നിവരും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പ്രതിനിധീകരിച്ച് ഉമർഫൈസി, പി.എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറില്‍ സംസാരിക്കും. മുജാഹിദ് സംഘടനാ നേതാക്കളും എം.ഇ. എസും സെമിനാറിന്‍റെ ഭാഗമാകും. താമരശ്ശേരി രൂപതയുടെ സി.എസ്.ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുക. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും എസ്.എന്‍.ഡി.പി പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി.പി.എം.
കോണ്‍ഗ്രസിനെ മാറ്റി നിർത്തി മുസ് ലിം ലീഗിനെ മാത്രം സെമിനാറിലേക്ക് ക്ഷണിച്ചതോടെയാണ് സി പി എം സെമിനാർ ചർച്ചകളില്‍ നിറഞ്ഞത്. ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. ലീഗിനെ ക്ഷണിച്ചത് സി.പി. ഐയുടെ അതൃപ്തിക്ക് വഴിവെക്കുകയും ചെയ്തു. സെമിനാറില്‍ പങ്കെടുക്കുമ്പോഴും സമസ്തയുടെ ഭാഗമായ നേതാക്കള്‍ നടത്തുന്ന വിമർശം സി.പി.എമ്മിന് തലവേദനായായി മാറിയിട്ടുണ്ട്.

എസ്.എന്‍.ഡി.പിയുടെ പ്രതിനിധിയായി പങ്കെടുക്കുന്ന സന്തോഷ് അരയാക്കണ്ടിയുടെ ബി.ഡി.ജെ.എസ് ബന്ധവും ഏക സിവില്‍ കോഡിന്‍റെ കരട് വരുന്നതിന് മുമ്പുള്ള ചർച്ച നല്ലതല്ലെന്ന എസ്.എന്‍.ഡി.പിയുടെ നിലപാടും ഏറ്റവും അവസാന മണിക്കൂറിലെ വിവാദമായി. വിവാദങ്ങള്‍ക്കപ്പുറം സെമിനാറും ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭവും പൗരത്വ പ്രക്ഷോഭത്തിന് സമാനമായ ജനകീയ മുന്നേറ്റമായി മാറുമെന്ന പ്രത്യാശയിലാണ് സി.പി.എം.
അതേസമയം, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡ് തുല്യത കൊണ്ടുവരില്ലെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ സിപിഐഎം നടത്തുന്ന സെമിനാറിലേക്ക് ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണം. ദേശീയ തലത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും ചേര്‍ത്തുള്ള പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ മുസ്‌ലിം ലീഗ് സെമിനാറില്‍ ക്ഷണിച്ചാല്‍ സിപിഐഎം പങ്കെടുക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. സെമിനാറിന് എത്താത്തത് കൊണ്ട് ലീഗിനോട് വിരോധമില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് കൊണ്ടാണ് അതിനെ ഇഎംഎസ് എതിര്‍ത്തതെന്നും അതേ കാരണം കൊണ്ട് തന്നെയാണ് തങ്ങളും എതിര്‍ത്തതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ഇന്ത്യയിലെബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് അടുത്ത ഇലക്ഷനെ ലക്ഷ്യം വച്ച് ബിജെപി എടുത്തിട്ട വിഷയമാണ്. ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍ ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.




