ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 കുതിച്ചുയർന്നു

0
1644

ശ്രീഹരിക്കോട്ട: ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്ററും, പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്.

ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്റര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്റ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.

വിക്ഷേപണ ശേഷം ചന്ദ്രയാന്‍ 3 യുടെ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ലാന്റര്‍ മോഡ്യൂളിനെ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് ലാന്റര്‍ മോഡ്യൂള്‍ ആണ് ചന്ദ്രനില്‍ ഇറങ്ങുക. ഇതിനുള്ളിലാണ് റോവര്‍ സ്ഥാപിച്ചിട്ടുള്ളത്. ലാന്ററിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം.

ഇനിയെന്ത്:

∙ ഖര ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് പറന്നുയരുന്നത്

∙ 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം തുടങ്ങും.
∙ 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെടും.

∙ 194 സെക്കൻഡ് കഴിയുമ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെടും.

∙ 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിയുമ്പോൾ ദ്രാവക എൻജിനുകൾ വേർപെടും. തൊട്ടുപിന്നാലെ ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങും.

∙ 954 സെക്കൻഡ് കഴിയുമ്പോൾ ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമാകും.

∙ പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ– ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റും. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. അതിൽനിന്നു നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും.

∙ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും.

∙ ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും. എതിർദിശയിൽ പ്രൊപ്പൽഷൻ നടത്തി വീഴ്ചയുടെ വേഗം കുറയ്ക്കാൻ (ഡി–ബൂസ്റ്റ്)‍ നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്.രണ്ടു ത്രസ്റ്റർ എൻജിനുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.