കൊവിഡ് പ്രതിസന്ധിക്കുശേഷമുള്ള ആദ്യ കുടിയേറ്റ സർവേക്കൊരുങ്ങി കേരളം. കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തവരുടെ കണക്കെടുപ്പ് 10 മാസത്തിനകം പൂർത്തിയാക്കും. കേരള മൈഗ്രേഷൻ സർവേക്കായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ (ഗിഫ്റ്റ്) സർക്കാർ ചുമതലപ്പെടുത്തി.
1.72 കോടി രൂപയും അനുവദിച്ചു. 5 വർഷത്തിനുശേഷമാണു കേരളം കുടിയേറ്റ സർവേ നടത്തുന്നത്. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് ലോകകേരളസഭ രൂപീകരിച്ചശേഷമുള്ള ആദ്യ കണക്കെടുപ്പു കൂടിയാണിത്. അടുത്ത 5 വർഷത്തേക്കുള്ള പ്രവാസി നയവും പദ്ധതികളും രൂപീകരിക്കുന്നതിന് അടിസ്ഥാന രേഖയാകും ഈ സർവേ.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 500 പ്രദേശങ്ങളിലെ 20,000 കുടുംബങ്ങളിലാണു സാംപിൾ സർവേ നടത്തുക. ഇരുനൂറോളം സർവേ ടീം അംഗങ്ങൾ വീടുകളിലെത്തി വിവരശേഖരണം നടത്തും. കുടുംബാംഗങ്ങളിൽ എത്രപേർ കേരളത്തിനു പുറത്തേക്കു കുടിയേറിയിട്ടുണ്ട്. ഏതു സംസ്ഥാനത്ത് അല്ലെങ്കിൽ രാജ്യത്ത്, വിദ്യാഭ്യാസ യോഗ്യത, പ്രായം, ജോലി, വരുമാനം, വീട്ടിലേക്ക് അയയ്ക്കുന്ന പണം, പോകാനിടയായ കാരണം, സ്വീകരിച്ച മാർഗം, ചെലവ് തുടങ്ങിയ വിവരമാണു ശേഖരിക്കുക. കുടിയേറ്റം അവസാനിപ്പിച്ച് തിരിച്ചെത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. പഠനാവശ്യത്തിനു കുടിയേറിയവരുടെയും കണക്കെടുപ്പു നടത്തും. 20,000 വീടുകൾ കയറിയുള്ള വിവരശേഖരണത്തിനു മാത്രമായി ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നോർക്ക വകുപ്പിനാണു മേൽനോട്ടം. തിരിച്ചെത്തിയവരുടെ പുനരധിവാസമുൾപ്പെടെയുള്ള കർമ പദ്ധതികൾ സർവേയുടെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കുമെന്ന് സർക്കാർ പറയുന്നു.
2018ൽ നടത്തിയ സർവേ പ്രകാരം കുടിയേറിയവരിൽ ബിരുദമോ, അതിനു മുകളിലോ യോഗ്യതയുള്ളവർ 29.1%, 31–45 പ്രായക്കാർ 46.4%, അവിവാഹിതർ 24.8% എന്നിങ്ങനെയായിരുന്നു. 12.95 ലക്ഷം പേർ തിരിച്ചെത്തിയെന്നും ഇതിൽ 29.4% പേർ മടങ്ങാൻ കാരണം തൊഴിൽ നഷ്ടമാണെന്നും കണ്ടെത്തിയിരുന്നു. മടങ്ങാൻ 11.8% പേരെ പ്രേരിപ്പിച്ചതും കുടുംബപ്രശ്നവും 14.4% പേരെ പ്രേരിപ്പിച്ചതു രോഗവുമായിരുന്നു.
2008 മുതൽ കുടിയേറ്റ നിരക്കു കുറയുന്നുവെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2018 ലെ കണക്കു പ്രകാരം തലേവർഷം 85,092 കോടി രൂപയാണു വിദേശ മലയാളികൾ നാട്ടിലേക്ക് അയച്ചത്. ഈ പശ്ചാത്തലത്തിൽ സാമൂഹികമായി മാത്രമല്ല, സാമ്പത്തികമായും സർവേയുടെ ഫലസൂചികകൾ കേരളത്തിനു നിർണായകമാണ്. സിഡിഎസിനു വേണ്ടി 2018 ൽ സർവേ നടത്തിയ എസ്. ഇരുദയ രാജനാണു പുതിയ സർവേയുടെയും നേതൃത്വം.
21.21 ലക്ഷം പേർ വിദേശത്ത്; ഗൾഫിൽ മാത്രം 18.94 ലക്ഷം
2018 ലാണു കേരളം ഏറ്റവുമൊടുവിൽ കുടിയേറ്റ സർവേ നടത്തിയത്. സെൻട്രൽ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് 15,000 വീടുകളിലെ സാംപിൾ ശേഖരിച്ചു നടത്തിയ സർവേയിൽ 21.21 ലക്ഷം പേർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറിയിട്ടുണ്ടെന്നും ഇതിൽ 18.94 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിലാണെന്നും കണ്ടെത്തിയിരുന്നു.




