റിയാദ്: വ്യവസ്ഥകൾ പാലിക്കാതെ സഊദിയിൽ മടങ്ങിയെത്തുന്നതിനാൽ സഊദി വിമാനത്താവളങ്ങളിൽ നിന്ന് മടക്കി അയക്കുന്നത് തുടർകഥയാകുന്നു. റീ എൻട്രിയിൽ പോയി മടങ്ങി വരാൻ സാധിക്കാതെ പിന്നീട് പുതിയ വിസയിൽ നിബന്ധനകൾ പാലിക്കാതെ എത്തുന്നവരാണ് സഊദിയിൽ എത്തിയിട്ടും പുറത്തിറങ്ങാൻ സാധിക്കാതെ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വരുന്നത്. മലയാളികളും ഇത്തരത്തിൽ മടങ്ങുന്നവരിൽ ഉൾപ്പെടുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി പറഞ്ഞത് റീ എന്‍ട്രി കാലാവധി കഴിഞ്ഞ ശേഷമാണ് പുതിയ വിസയെടുത്തത് എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ റീ എന്‍ട്രി കാലാവധി പരിശോധിച്ചപ്പോള്‍ ഇനിയും രണ്ടര മാസം കഴിഞ്ഞാല്‍ മാത്രമേ മൂന്നു വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാവുകയുള്ളൂ. 2019 ഡിസംബറിലാണ് ഇദ്ദേഹം ആറു മാസത്തെ അഥവാ 180 ദിവസത്തെ റീ എന്‍ട്രിക്ക് നാട്ടില്‍ പോയത്. തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ വിസയെടുത്ത് റിയാദിലേക്ക് വരികയായിരുന്നു.
ഇദ്ദേഹത്തിന്റെ റീ എന്‍ട്രി കാലാവധി പരിശോധിച്ചപ്പോള്‍ മൊത്തം 300 ദിവസമുണ്ടായിരുന്നു. നാലു മാസം ഇദ്ദേഹത്തിന് രാജകാരുണ്യം വഴി റീ സമയം നീട്ടി ലഭിച്ചിരുന്നു. അഥവാ 2020 ഓഗസറ്റ് വരെ റീ എന്‍ട്രി കാലാവധിയുണ്ടായിരുന്നു. ഇത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ഇത് പരിശോധിക്കാതെയാണ് പുതിയ വിസയില്‍ റിയാദില്‍ എത്തിയതും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ടതും.
സഊദി നിയമപ്രകാരം റീ എൻട്രിയിൽ പോയ ഒരാൾക്ക് പുതിയ വിസയിൽ തിരിച്ചു വരാൻ മൂന്ന് വർഷം പൂർത്തിയായാൽ മതിയെന്നതാണ് നിയമം. എന്നാൽ, കൊറോണ കാലത്ത് പോയതിനാൽ അന്നത്തെ സാഹചര്യത്തിൽ നാട്ടിലുള്ളവർക്ക് സൗജന്യമായി റീ എൻട്രി പുതുക്കി നൽകിയപ്പോൾ അതിന്റെ കാലാവധി അവസാനിക്കുന്ന തിയ്യതിമുതൽ മൂന്ന് വർഷം പൂർത്തിയായില്ല എന്നതാണ് ഇദ്ദേഹത്തിന് വിനയായത്.
കൊവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥകൾ പാലിക്കാതെ പുതിയ വിസയിൽ വരുന്നത് കാരണം സഊദി വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നത് നേരത്തെ തന്നെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. റീ എൻട്രിയിൽ പോയവർ തിരികെ വന്നില്ലെങ്കിൽ മൂന്നു വർഷത്തിന് ശേഷം മാത്രമേ മറ്റൊരു തൊഴിലുടമയുടെ വിസയിലെത്താവൂവെന്ന് സഊദി ജവാസാത്ത് വിഭാഗം ആവർത്തിച്ച് അറിയിച്ചിട്ടും അതൊന്നും ഗൗനിക്കാതെയും കൃത്യമായി പരിശോധിക്കാതെയും പലരും വരുന്നതാണ് തിരിച്ചയക്കാൻ കാരണം.
കൊവിഡ് കാലത്ത് റീ എൻട്രിയിൽ പോയവരിൽ പലർക്കും തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. ഇനി പ്രവാസ ജീവിതത്തിലേക്ക് ഇല്ലെന്ന് പറഞ്ഞുപോയവരും ഈ ആനുകൂല്യങ്ങളുടെ പരിധിയിലുള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരാരും ഇഖാമയോ റീ എന്‍ട്രിയോ സമയം നീട്ടി നല്‍കിയത് പരിശോധിച്ചിരുന്നില്ല. കൊവിഡ് കഴിഞ്ഞപ്പോഴാണ് അവരില്‍ ഭൂരിഭാഗം പേരും സഊദിയിലേക്ക് പുതിയ വിസയില്‍ വരാന്‍ ശ്രമം തുടങ്ങിയത്. രണ്ട് മാസം മുതല്‍ ആറു മാസം വരെയായിരുന്നു അവര്‍ക്ക് അന്ന് തൊഴിലുടമകള്‍ നിന്ന് റീ എന്‍ട്രി ലഭിച്ചിരുന്നത്. ഈ കാലയളവ് കണക്കുകൂട്ടിയാണ് അവരെല്ലാം ഇപ്പോള്‍ പുതിയ വിസയില്‍ വരുന്നതും വിമാനത്താവളങ്ങളില്‍ കുടുങ്ങുന്നതും.
സാമ്പത്തിക പ്രതിസന്ധി കാരണം പലരോടും തിരിച്ചു വരേണ്ടതില്ലെന്നും അന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. അവർക്ക് റീ എൻട്രി കാലാവധി നീട്ടിക്കിട്ടിയില്ല. തൊഴിലുടമകൾ റീ എൻട്രി പുതുക്കാൻ മടിച്ചു നിന്നപ്പോൾ പലർക്കും സഊദി രാജാവിന്റെ കാരുണ്യത്തിന്റെ ഭാഗമായി ഇഖാമയോടൊപ്പം റീ എൻട്രിയും സൗജന്യമായി പുതുക്കിക്കിട്ടി. കാലാവധി ദീർഘിപ്പിച്ചു ലഭിച്ച പലരും ഈ ആനുകൂല്യങ്ങളെല്ലാം ഉപയോഗിച്ച് നിശ്ചിത സമയത്ത് സഊദിയിൽ തിരിച്ചെത്തി. ചിലരുടെ റീ എൻട്രികൾ നിർഭാഗ്യവശാൽ ആനുകൂല്യത്തിന്റെ ഭാഗമായോ മറ്റോ പുതുക്കി കിട്ടിയതുമില്ല.
മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ വാസം, കൊവിഡ് ടെസ്റ്റുകൾ, കൊവിഡ് സർട്ടിഫിക്കറ്റുകളുടെ രജിസ്‌ട്രേഷൻ, സഊദിയിൽ എത്തിയാലുള്ള ക്വാറന്റൈൻ തുടങ്ങിയ വ്യവസ്ഥകൾ നടപ്പാക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പല റീ എൻട്രിക്കാരും തിരിച്ചുവരാൻ മടിച്ചു. കടുത്ത കൊവിഡ് വ്യവസ്ഥകൾ പിൻവലിക്കുമെന്ന പ്രതീക്ഷയോടെ അവർ നാട്ടിൽ തന്നെ തുടർന്നു. ഇവരാണ് ഇപ്പോൾ സഊദിയിലേക്ക് വരാൻ വഴി തേടുന്നത്. എന്നാൽ, വ്യക്തമായി അന്വേഷിക്കാതെയും കൃത്യമായ തിയ്യതികളും മറ്റും നോക്കാതെയും കയറി വരുന്നവരാണ് ഇപ്പോൾ കുടുങ്ങുന്നത്.
അവധിക്ക് പോയി മടങ്ങി വരാത്തവര്‍ റീ എന്‍ട്രി കാലാവധി കൃത്യമായി പരിശോധിച്ച് മൂന്നു വര്‍ഷത്തിലധികം സമയം കഴിഞ്ഞതിന് ശേഷമേ സഊദിയിലേക്ക് മറ്റു തൊഴിലുടമകളുടെ വിസകളില്‍ തിരിച്ചെത്താവൂവെന്നും ഇത് പാലിക്കാതെ എത്തുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് മടക്കിഅയക്കുന്നത് നിത്യസംഭവമായിരിക്കുന്നുവെന്നും സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




