വിമാനത്താവളത്തിന് കൂടുതല്‍ സ്ഥലം അനുവദിച്ചില്ല; കരിപ്പൂരിന്റെ റണ്‍വേയുടെ നീളം കുറയ്ക്കുന്നു, പ്രവാസികളോട് എന്തിനീ… ക്രൂരത

0
1538

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ സ്ഥലം അനുവദിച്ചില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേ സമയം കരിപ്പൂര്‍ വികസിക്കുന്നതോടെ കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ തളര്‍ച്ച ഉറപ്പാകുമെന്ന നിഗമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തുനല്‍കുന്നതില്‍ താത്പര്യമെടുക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.
ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ കേരളം വീഴ്ച വരുത്തിയെന്നും വികസനത്തിനുള്ള ഭൂമി ഉടന്‍ കൈമാറണമെന്നും കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂരിലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇനി റിസ്‌കെടുക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ കരിപ്പൂരിലെ റണ്‍വേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം അനുവദിച്ച സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കരിപ്പൂരിലെ റണ്‍വേയുടെ നീളം കുറക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നറിയുന്നു. ഇതോടെ ചെറിയ വിമാനങ്ങള്‍ക്ക് മാത്രമേ ഇവിടെ ഇറങ്ങാനാവൂ. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലെത്താന്‍ സാധിക്കാതാകുന്നതോടെ മലബാറിലെ പ്രവാസികളുടെ പള്ളക്കുള്ള വലിയ അടിയാകുമത്.

എയര്‍പോര്‍ട്ടിന്റെ ആരംഭം മുതല്‍ തന്നെ കരിപ്പൂരിനെ തളര്‍ത്താനുള്ള നീക്കങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉണ്ടായിരുന്നു. ടാബിള്‍ ടോപ്പ് എയര്‍പോര്‍ട്ടായതിനാല്‍ ഇവിടെ വികസനം നടക്കില്ലെന്നായിരുന്നു ആക്ഷേപം. ഇതിനെതിരേ പൊരുതിയാണ് നാട്ടുകാര്‍ കരിപ്പൂരിന്റെ വികസനം സാധ്യമാക്കിയത്. ഇപ്പോഴും കടുത്ത പോരാട്ടത്തില്‍ തന്നെയാണ് പ്രദേശവാസികള്‍.

ജൂലൈ ആദ്യവാരത്തോടെ ഭൂമി കൈമാറാം എന്നായിരുന്നു കേരളം അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ 2024 ജനുവരിയില്‍ പോലും ഭൂമിയേറ്റെടുത്ത് കിട്ടാന്‍ സാധ്യതയില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും റണ്‍വേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലയ്ക്കു വേണ്ടിയുള്ള ഭൂമി ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിട്ടില്ല. കരിപ്പൂരില്‍ വിമാന അപകടമുണ്ടായതിന് പിന്നാലെ പ്രത്യേക സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ റണ്‍വേയുടെ (റിസ) ഏരിയയുടെ നീളം കൂട്ടണമെന്ന് വ്യക്തമാക്കിയിരുന്നു.

എങ്കില്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കൂ. 2022 മാര്‍ച്ച് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നിരന്തരം സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയിരുന്നെന്നാണ് കേന്ദ്ര മന്ത്രിയുടെ കത്തില്‍ വ്യക്തമാക്കുന്നത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് അനുവദിച്ചുനല്‍കാത്തതിന്റെ പിന്നിലെ കാരണം ദുരൂഹമാണ്.