കൊച്ചി: യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 13 യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കൊച്ചിയുമുള്‍പ്പെടെ പത്തിടങ്ങളിലായിരുന്നു റെയ്ഡ്.
25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കുന്നു.
രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുണ്ട്. ചിലര്‍ ഇതുവരെ ഒരു രൂപപോലും ടാക്‌സ് അടച്ചിരുന്നില്ല. മറ്റുള്ളവര്‍ക്കും അടുത്തയാഴ്ച മുതല്‍ നോട്ടിസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കില്‍ നിയമനടപടിക്കു വിധേയരാകേണ്ടിവരും.
ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. ഇവര്‍ക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. കേരളത്തില്‍ വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. സിനിമകളിൽ അഭിനയിച്ചിട്ടുള്ള യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും സാമ്പത്തിക ഇടപാടുകളും പരിശോധനയുടെ ഭാഗമാണ്.
യൂട്യൂബ് ചാനലുകളിൽ അപ് ലോഡ് ചെയ്യുന്ന വിഡിയോ കാണുന്നതിന്‍റെ സമയം അനുസരിച്ചാണ് ഓരോ യൂട്യൂബർമാർക്കും വരുമാനം ലഭിക്കുന്നത്. ഒരു കോടി മുതൽ രണ്ട് കോടി വരെ വാർഷിക വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഐ.ടി വകുപ്പിന്‍റെ കണ്ടെത്തൽ. ഈ വരുമാനത്തിന് അനുസൃതമായി നികുതി അടക്കുന്നില്ല. യൂട്യൂബ് കൂടാതെ, മറ്റ് മാർഗങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്നും അത് നികുതിയുടെ പരിധിയിൽ വരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.