രാജ്യാന്തര യോഗദിനം: എം.എ.യൂസഫലിയുടെ ചിത്രങ്ങൾ വൈറല്‍

0
2598

135 രാജ്യങ്ങളിലെ പ്രതിനിധികൾ: ഗിന്നസ് റെക്കോർഡ് നേടി യുഎന്നിലെ യോഗ ദിനാചരണം

അബുദാബി: യോഗയുടെ സുഖശീതളിമയിൽ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി. വര്‍ഷങ്ങളായി എല്ലാ ദിവസവും യോഗ ചെയ്തുവരുന്ന അദ്ദേഹം രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങൾ വൈറലായി. 

അബുദാബി മുഷ് രിഫിലെ വസതിയിൽ തുറസായ സ്ഥലത്ത് ബുധനാഴ്ച രാവിലെ ചുവന്ന പരവതാനി വിരിച്ച് ശുഭ്രവസ്ത്രധാരിയായ യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം യോഗ മുടക്കാറില്ല. നേരത്തെ യോഗ പരിശീലനം നേടിയ 67കാരനായ അദ്ദേഹം അതുകൊണ്ട് തന്നെ എപ്പോഴും ഊർജസ്വലനായാണ് കാണപ്പെടുന്നത്. മിതമായ ഭക്ഷണം കഴിക്കാറുള്ള അദ്ദേഹം പൂർണ ആരോഗ്യവാനുമാണ്.



1955 നവംബർ 15ന് തൃശൂർ നാട്ടികയിലാണ് യൂസഫലി ജനിച്ചത്. 35,000 ത്തോളം ഇന്ത്യാക്കാരടക്കം 65,000 ത്തിലേറെ പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്.  സാമൂഹിക രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

യുഎഇ അടക്കം ഗൾഫിലെല്ലായിടത്തും സ്വദേശികളുടെ ഇടയിലുൾപ്പെടെ ജനപ്രീതി നേടിയ യോഗ പരിപാടികൾ കഴിഞ്ഞ ദിവസം മുതൽ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയുടെ നേതൃത്വത്തിൽ യുഎഇയിൽ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ അരങ്ങേറി. സഊദിയടക്കമുള്ള ഇതര ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര യോഗ ദിനാചരണം നടത്തി.

അതേസമയം, ഗിന്നസ് റെക്കോർഡ് നേടി യുഎന്നിലെ യോഗ ദിനാചരണം. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് 2023 ലെ യോഗ ദിനാചരണത്തിന് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണമാണ് ഗിന്നസ്സിൽ ഇടം നേടിയത്.

ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.