റിയാദ്: 2030 വേൾഡ് എക്സ്പോക്ക്
ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകൾ സജ്ജമാണെന്ന് സഊദി അറേബ്യ.ഇതിനായി 780 കോടി ഡോളറിന്റെ ബജറ്റ് നീക്കിവെച്ചതായി സൗദി അറേബ്യ അറിയിച്ചു. വിശദമായ പദ്ധതി പാരീസിൽ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് ജനറൽ അസംബ്ലി യോഗത്തിൽ സഊദി അറേബ്യ അനാവരണം ചെയ്തു.
സാങ്കേതികവിദ്യ, ഇന്നൊവേഷൻ, സുസ്ഥിരത, ആഗോള സഹകരണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള, ഒരുമിച്ച് നമുക്ക് ഭാവിയിലേക്ക് നോക്കാം എന്ന ശീർഷകമാണ് പദ്ധതിയുടെ പ്രധാന തീം. സഊദി അറേബ്യ നൽകുന്ന ഒരു കൂട്ടം പിന്തുണകളുടെയും പ്രോത്സാഹനങ്ങളുടെയും ഫലമായി എക്സ്പോയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും പവിലിയനുകൾ സ്ഥാപിക്കാൻ സമമായ വിസ്തൃതിയിലുള്ള സ്ഥലങ്ങൾ അനുവദിക്കും.
ആഗോള സ്വാധീനമുള്ള പദ്ധതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നവീകരണത്തിലൂടെയും സുസ്ഥിരതയിലൂടെയും ഉൾക്കൊള്ളുന്നതിലൂടെയും പൊതുവായ വെല്ലുവിളികൾക്ക് ആഗോള പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ സഹകരിക്കാനുമുള്ള അവസരമായിരിക്കും റിയാദ് എക്സ്പോ എന്ന് ജനറൽ അസംബ്ലി യോഗത്തിൽ സംസാരിച്ച സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
വൈവിധ്യമാർന്ന സംസ്കാരങ്ങളെയും രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായ പദ്ധതി നൽകുന്നതിലൂടെ വികസ്വര രാജ്യങ്ങളോടുള്ള സൗദി അറേബ്യയുടെ ശക്തവും തുടർച്ചയായതുമായ പ്രതിബദ്ധതയിൽ ഊന്നിയാണ് റിയാദ് എക്സ്പോ സംഘടിപ്പിക്കുക. പവിലിയനുകൾ നിർമിക്കാനും അറ്റകുറ്റപ്പണികൾക്കും സാങ്കേതിക വിദ്യക്കും മറ്റും പിന്തുണ നൽകുന്നതിന് 100 രാജ്യങ്ങളെ സഹായിക്കാൻ 34.3 കോടി ഡോളർ സൗദി അറേബ്യ നീക്കിവെച്ചിട്ടുണ്ട്.
ലോകത്തെ മുൻനിര പങ്കാളികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് കൂടുതൽ സഹായ പദ്ധതികൾ സൗദി അറേബ്യ വികസിപ്പിക്കും. സമഗ്രമായ ഒരു ലോക എക്സിബിഷൻ സംഘടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.




