Father’s Day: ജിദ്ദ പ്രവാസിയുടെ കുറിപ്പ്; എന്റെ ബാപ്പാനെ തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ….

0
5762

✍🏻 ഇബ്നു രായിൻ മമ്മദ് ജിദ്ദ

ഒരു വെള്ള തുണിയും വെള്ള ഷർട്ടും തലയിൽ ഒരു കെട്ടും അതായിരുന്നു ഞാൻ കാണുന്ന ബാപ്പ..
80 കളുടെ ഒരു പട്ടിണി കാലത്താണ് എന്റുമ്മ എന്നേ ഗർഭം ധരിച്ചത്..
ചക്കയും കഞ്ഞിയും കാവുത്തും കഴിച്ച് പട്ടിണി മാറ്റിയിരുന്ന അക്കാലത്ത് ഗർഭിണികൾ കഴിക്കേണ്ട ഫോളിക് ആസിഡ് വിറ്റാമിൻസ് ഒന്നും എന്റെ ഉമ്മാക്ക് കിട്ടിയിട്ടുണ്ടാവില്ല..
ഉദരത്തിൽ വളരുന്നത് ഇരട്ടകുഞ്ഞുങ്ങളാണന്ന് പോലും ഉമ്മ അറിഞ്ഞു കാണില്ല, പിന്നെയല്ലേ വിറ്റാമിൻസ്..

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങിനെ ഭൂമിയിലേക്ക് ഞങ്ങൾ ഒരുമിച്ചു പിറന്നു വീണു..
പിന്നീടങ്ങോട്ട് ഒരുമിച്ചായിരുന്നു
അമ്മിഞ്ഞപ്പാല്
കുടിച്ചതും, കരഞ്ഞതും ചിരിച്ചതും ഉറങ്ങിയതും, വളർന്നതുമെല്ലാം..

ഇടക്കെപ്പേഴോ രണ്ടാൾക്കും കൂടെ കുടിക്കാൻ അമ്മിഞ്ഞപ്പാലില്ലാഞ്ഞിട്ടാകും
“നീ കുടിച്ചോടാ” എന്നും പറഞ്ഞു അവനങ്ങു മാറിത്തന്നു.. എന്റെ ജീവന്റെ പാതിയാണ് എന്നെന്നേക്കുമായി അന്ന് വേർപെട്ട് പോയത്..
പിന്നീടങ്ങോട്ട് ഒറ്റക്കുള്ള യാത്ര.

ഒരു നേരമെങ്കിലും മക്കൾ നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് കരുതിയാകണം ബാപ്പ മൂത്ത രണ്ടുപേരെയും അന്ന് ഓത്ത് പള്ളിയിലാക്കിയത്..

ചോറ് മക്കൾക്ക് നൽകി കഞ്ഞി വെള്ളം കുടിച്ച് പട്ടിണി മാറ്റിയ കുടുംബത്തിന്റെ മുന്നിൽ അന്നതായിരിക്കും ഒരു വഴി തെളിഞ്ഞത്..
ഉമ്മ അടുത്ത വീട്ടിൽ നെല്ല് കുത്താൻ പോയാൽ കിട്ടുന്ന കൂലിയാണ് ആ അരിമണികളെന്ന്‌ പിന്നീടാണ് അറിയുന്നത്..

ഒരിക്കൽ ഉമ്മ പറഞ്ഞതോർക്കുന്നു..
ബദ്‌രീങ്ങളെ ആണ്ടിനും മൗലിദിന്നും മറ്റും പള്ളിയിൽ നിന്നും കിട്ടുന്ന പത്തിരിയും ചീരിണിയും ആരും കാണാതെ ബാപ്പ തുണിയുടെ കോന്തലയിൽ കെട്ടി ഉമ്മാക്ക് കൊണ്ട് കൊടുക്കും പോലും.
അത് തിന്ന് ഒരു നേരത്തെ വിശപ്പടക്കിയിരുന്ന ഒരു കാലം..
എങ്കിലും പട്ടിണിയും പരിവട്ടത്തിലും പരാതിയോ പാരിഭവങ്ങളോ
ഇല്ലാത്ത ഒരു സന്തുഷ്ട കുടുംബ ജീവിതം..

ബാപ്പയുടെ നാല് മക്കളിൽ കൂടുതൽ അടി കിട്ടിയത് ചെറിയവനായ എനിക്കായിരിക്കും ..
എങ്കിലും വല്ലപ്പോഴും ഇറച്ചിപ്പൊതിയിൽ ലിവറിന്റെ കഷ്ണം എനിക്ക് വേണ്ടി മറക്കാതെ കൊണ്ടു വരുമായിരുന്നു എന്റെ ബാപ്പ..
ബാപ്പാക് ഞാൻ കരളിന്റെ കഷ്ണമാണെന്ന് മനസ്സിലാക്കാൻ ഞാന് ഒരു പോത്തുപോലെ വളരേണ്ടിവന്നു എന്ന് സാരം..

എത്രയൊക്കെ കാറ്റും കോളും മഴ വന്നാലും ശെരി ബാപ്പ എല്ലാ വക്തിലും പള്ളിയിൽ കാണും…
അങ്ങിനെ ഒരു നമസ്ക്കാരത്തിനിടയിൽ ചോര ഛർദിച്ചതാ.. പിന്നീട് ടെക്സ്റ്റും ഹോസ്പിറ്റലും മരുന്നും പ്രാർത്ഥനകളുമായി കുറച്ചു വർഷം കൂടി ബാപ്പാക്ക് നാഥൻ ആയുസ്സ് നീട്ടിക്കൊടുത്തു..

ജേഷ്ടൻമാരോടൊപ്പം ഖണ്ഡമിടറി ബാപ്പാക്ക് കലിമ ചൊല്ലിക്കൊടുത്തതും വിറയാർന്ന കൈകളോടെ ബാപ്പയുടെ മയ്യിത്ത് കുളിപ്പിച്ചതും കഫൻ ചെയ്തതും തോളിലേറ്റി പള്ളിയിലേക്ക് നടന്നതും, അവസാനം മൂന്നു പിടി മണ്ണ് വാരി എന്റെ ബാപ്പയുടെ മുകളിലേക്കു ഇട്ടതും…

ഞാൻ ചവിട്ടി നിന്ന ഭൂമി പള്ളിക്കാട്ടിലേക്കു ആഴ്ന്നിറങ്ങിയ പോലെ തോന്നി..

ബാപ്പഇല്ലാത്ത ആ വീട് ഒരു ശൂന്യമായിരുന്നു..
ബാപ്പയുടെ ആ വെള്ളത്തുണിയുമെടുത്ത് ബാപ്പ നടന്ന വഴികളിലൂടെ ഞാനും നടന്നു..

കാലത്തിന്റെ കുത്ത് ഒഴുക്കിൽ പെട്ട് ഞാനും പ്രവാസത്തിലേക്കു പറക്കുംമുൻപ് ബാപ്പയുടെ ഖബ്റിന്നരികിൽ എത്തി ബാപ്പയോട് സലാം പറഞ്ഞിറങ്ങി..

പിന്നീട് ഞാൻ പുതിയാപ്ല ഇറങ്ങിയപ്പോഴും സലാം പറഞ്ഞിറങ്ങാൻ പന്തലിലാകെ ബാപ്പാനെ നോക്കി.. കണ്ടില്ല..
എന്റെ കല്യാണമല്ലേ ബാപ്പ നിങ്ങളെ കൈ പിടിച്ചു സലാം പറഞ്ഞിറങ്ങാൻ..
നിങ്ങൾ വരാറുള്ള വഴികളിലേക്ക് ഞാൻ നോക്കി നിന്നു..
ബാപ്പയപ്പോൾ സ്വർഗത്തിൽ നിന്നും എനിക്കും ഭാര്യക്കും “ബാറക” പറയുന്നുണ്ടാകും..
ആ വിടവ് വലിയൊരു കുറവായിത്തോന്നിയ നിമിഷം ..

എനിക്ക് ആദ്യമായി മകൻ പിറന്നതും, മകൾ പിറന്നതും…
അവർ വല്ലിപ്പയുടെ കൈ പിടിച്ചു നടക്കാൻ കൊതിച്ചതും..
എല്ലാം പ്രവാസത്തിലിരുന്ന് ഞാൻ നിങ്ങളോടു പറഞതല്ലേ ബാപ്പാ.. ഒരിക്കൽ കൂടി എന്റെ ബാപ്പയെ തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ച എത്ര എത്ര മുഹൂർത്തങ്ങളാണ് ജീവിതത്തിലൂടെ കടന്നു പോയത്..

ഉമ്മയോടൊപ്പം മക്കത്ത് എത്തിയപ്പോഴും, ത്വവാഫ് ചെയ്തപ്പോഴും..
മദീനത്തെ പള്ളിയിൽ ഹബീബിന്റെ ചാരത്തിരുന്നപ്പോഴും എത്ര വട്ടം കൊതിച്ചു ബാപ്പാ നിങ്ങളും കൂടെ വേണമെന്ന്….
ഇന്നതിന് മക്കൾ പാകമായപ്പോഴേക്കും നിങ്ങളങ് മുന്നേ നടന്നല്ലോ ബാപ്പാ..

ഒന്നര പതിറ്റാണ്ടിന്റ “പ്രവാസം മതിയാക്കിക്കാളടാ” എന്നൊരു ഉൾവിളി എനിക്ക് കേൾക്കാം ബാപ്പാ..
ഇല്ല ബാപ്പാ ഈ പ്രവാസം നിറുത്താനായിട്ടില്ല…
മക്കളെ കുറിച്ചൊക്കെ ബല്യ ബല്യ സ്വപ്‌നങ്ങൾ ആണ് ബാപ്പ..

അത് പൂവണിയാനുള്ള ഓട്ടപ്പാച്ചിലിലാണ് ബാപ്പാ ഞാൻ..
അതിനിടയിൽ നിങ്ങളെ പോലെ പാതി വഴിയിൽ ഞാൻ കാലിടറി വീണാൽ വെള്ള ലിബാസിന്റെ പുടവയണിയിച്ചു എന്നെ നിങ്ങളെ അടുത്തേക്കു കൊണ്ടു വരും ബാപ്പാ..
നിങ്ങളെ ഖബറിന്നടിയിൽ നിങ്ങളോടൊപ്പം നിങ്ങളെ ചൂരും കൊണ്ട് എനിക്ക് കിടക്കണം..
ബാപ്പയുടെ ചെറിയ മകനായ ഞാൻ കണ്ട് പൂതി തീരും മുമ്പേ പോയതല്ലേ നിങ്ങൾ..
പറയാൻ ബാക്കിയുള്ള പതിറ്റാണ്ടുകളുടെ കഥയും പറഞ്ഞു അന്ന് നിങ്ങളോടൊപ്പം ആറടി മണ്ണിൽ ഞാനുമുണ്ടാകും..
കൂടെ നമ്മളോടൊപ്പം ഉമ്മയോടൊപ്പം കുടുംബത്തോടോ പ്പം പേരക്കുട്ടികളോടൊപ്പം നമുക്ക് കൈ പിടിച്ച് സ്വർഗത്തിലൂടെ നടക്കണം ബാപ്പാ…

നാഥൻ തുണയേകട്ടെ..

✍🏻 ഇബ്നു രായിൻ മമ്മദ്,
(മുഹമ്മദ് അലി കാളങ്ങാടൻ, ജിദ്ദ)
മുസ്‌ലിയാരങ്ങാടി.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക