ബെൻസേമ അൽ ഇത്തിഹാദുമായി കരാർ ഒപ്പിട്ടു; റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് സഊദിയിലേക്ക് ചേക്കേറുന്നത്

0
1360

ജിദ്ദ: ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം കരീം ബെൻസേമ അൽ ഇത്തിഹാദിൽ ചേർന്നു. സ്വാഗതം ചെയ്ത് ക്ലബിന്റെ ട്രീറ്റ് മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. 35 കാരനായ ബെൻസമേ റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് സഊദിയിലേക്ക് ചേക്കേറുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. റയലിൻറെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ നിലവിലെ ബാലൺ ഡി ഓർ ജേതാവുമാണ്. റയലിലെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലീഗിൽ അൽ നസറിന് വേണ്ടിയാണ് കളിക്കുന്നത്.

റയലിനായുള്ള ബെൻസേമയുടെ അവസാന മത്സരം ഞായറാഴ്ച നടന്നിരുന്നു. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു. റയലുമായി ബെൻസേമയ്ക്ക് ഒരു വർഷത്തേയ്ക്ക് കൂടി കരാറുണ്ടെങ്കിലും ഉഭയസമ്മതപ്രകാരം അത് അവസാനിപ്പിക്കുകയായിരുന്നു. ഈ സീസണിൽ പരുക്ക് അലട്ടുകയും ലോകകപ്പ് ഉൾപ്പെടെ നഷ്ടപ്പെടുകയും ചെയ്‌തെങ്കിലും 33 മത്സരങ്ങളിൽ റയലിന് വേണ്ടി കളിക്കുകയും 23 ഗോളടിക്കുകയും ചെയ്തു.

ഹോം ടൗൺ ക്ലബായ ലിയോണിൽ നിന്ന് 2009ലായിരുന്നു റയൽ മാഡ്രിഡിലേക്ക് കരീം ബെൻസേമയുടെ വരവ്. സ്പാനിഷ് ക്ലബിൽ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. റയൽ കുപ്പായത്തിൽ 657 മത്സരങ്ങളിൽ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബിൻറെ രണ്ടാമത്തെ ഉയർന്ന ഗോൾവേട്ടക്കാരനായി. ക്ലബിൽ 25 കിരീടങ്ങൾ ഷോക്കേസിലാക്കി. അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ലാ ലീഗയും മൂന്ന് കോപ്പ ഡെൽ റേയും നാല് സ്പാനിഷ് സൂപ്പർ കോപ്പകളും നാല് യുവേഫ സൂപ്പർ കപ്പും അഞ്ച് ഫിഫ ക്ലബ് ലോകകപ്പും കരീം ബെൻസേമയുടെ കരിയറിന് തിളക്കം ചാർത്തുന്നു.

ഈ സീസണിൽ റയലിനായി എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 42 മത്സരം കളിച്ച താരം 31 ഗോളും ആറ് അസിസ്റ്റും പേരിലാക്ക. 25 കിരീടങ്ങളുമായി റയലിൽ ഏറ്റവും കൂടുതൽ നേട്ടങ്ങളുള്ള താരങ്ങളിൽ മാർസലോയ്‌ക്കൊപ്പമാണ് ബെൻസേമയുടെ സ്ഥാനം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക